കേരളത്തിനു വീഴ്ച സംഭവിച്ചെന്ന് അമിത് ഷാ
Saturday, December 7, 2024 2:23 AM IST
ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകാൻ കാരണം സംസ്ഥാനസർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിശദമായ റിപ്പോർട്ട് നൽകാൻ വൈകിയെന്നാണു വയനാട് എംപി പ്രിയങ്ക ഗാന്ധിക്കു നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. നവംബർ 13നാണ് സംസ്ഥാനം വിശദമായ നിവേദനം നൽകിയതെന്നും 2219 കോടിയുടെ ധനസഹായം വൈകിയാണ് ആവശ്യപ്പെട്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ട് മന്ത്രിതലസമിതി പരിശോധിച്ചുവരികയാണ്. അധികം വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ചപ്പോൾ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പുനൽകിയതാണ്. വീടുകളും സ്കൂളുകളും റോഡുകളുമെല്ലാം നിർമിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ വൻവീഴ്ച വരുത്തിയെന്ന് അമിത് ഷാ മറുപടിയിൽ വ്യക്തമാക്കി.