പലിശനിരക്കിൽ മാറ്റം വരുത്താതെ പണനയം
Saturday, December 7, 2024 2:23 AM IST
മുംബൈ: കേന്ദ്രമന്ത്രിമാരിൽനിന്നുൾപ്പെടെ സമ്മർദമുയർന്നിട്ടും അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ 11-ാം തവണയാണു ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.
അതേസമയം, എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് നാലു ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ, ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും.
നടപ്പ് സാന്പത്തികവർഷത്തെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) വളർച്ചാ അനുമാനം റിസർവ് ബാങ്ക് നേരത്തേ പ്രതീക്ഷിച്ച 7.2 ശതമാനത്തിൽനിന്ന് 6.6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുമുണ്ട്.
ജൂലൈ- സെപ്റ്റംബർ പാദത്തിൽ വളർച്ചാനിരക്ക് 5.4 ശതമാനമായാണു താഴ്ന്നത്. കഴിഞ്ഞ ഏഴു ക്വാർട്ടറിലെ ഏറ്റവും കുറഞ്ഞ ജിഡിപിയാണ് ജൂലൈ-സെപ്റ്റംബർ പാദത്തിലേത്. ഏപ്രിൽ-ജൂണ്‍ ക്വാർട്ടറിൽ 6.7 ശതമാനവും കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.1 ശതമാനവും രേഖപ്പെടുത്തിയപ്പോഴാണ് നടപ്പ് സാന്പത്തികവർഷത്തിന്റെ രണ്ടാംപാദ ജിഡിപി വളർച്ചയിൽ ഇടിവുണ്ടായത്.
മൂന്നാം പാദത്തിൽ 6.8 ശതമാനം, നാലാം പാദത്തിൽ 7.2 ശതമാനം ജിഡിപി വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്. 2025-26 സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 6.9 ശതമാനത്തിന്റെയും രണ്ടാംപാദത്തിൽ 7.3 ശതമാനത്തിന്റെയും വളർച്ചയാണ് ആർബിഐ അനുമാനിക്കുന്നത്.