രാജ്യസഭയിൽ 500 രൂപയുടെ നോട്ടുകെട്ട്; അന്വേഷണം പ്രഖ്യാപിച്ചു
Saturday, December 7, 2024 1:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യസഭ വ്യാഴാഴ്ച പിരിഞ്ഞപ്പോൾ എംപിമാരുടെ ഇരിപ്പിടത്തിൽനിന്ന് 500 രൂപയുടെ ഒരു കെട്ട് കറൻസി നോട്ടുകൾ ജീവനക്കാർ കണ്ടെത്തിയതിനെച്ചൊല്ലി വിവാദം.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകർ ഉത്തരവിട്ടു. കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിംഗ്വിയുടെ ഇരിപ്പിടത്തിൽനിന്നാണ് 50,000 രൂപ ലഭിച്ചതെന്ന് ധൻകർ സഭയിൽ അറിയിച്ചു.
എന്നാൽ, രാജ്യസഭയിൽ കണ്ടെത്തിയ പണത്തേക്കുറിച്ച് അറിയില്ലെന്നും ഏതു സീറ്റിലും ആർക്കും ഇത്തരം സാധനങ്ങൾ കൊണ്ടുവയ്ക്കാമെന്നും വിശദമായ അന്വേഷണം വേണമെന്നും സിംഗ്വി പ്രതികരിച്ചു.
ഇത്തരം വിഷയങ്ങളിൽപ്പോലും രാഷ്ട്രീയം കലർത്തുന്നത് അത്ഭുതപ്പെടുത്തുന്നതും തമാശയുമാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കുന്നതിനുമുന്പേ അംഗത്തെ കുറ്റക്കാരനാക്കുന്ന രീതിയിൽ പേര് വെളിപ്പെടുത്തിയത് തെറ്റും ദുരൂഹവുമാണെന്ന് പ്രതിപക്ഷ നേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ സഭയിൽ ചൂണ്ടിക്കാട്ടി. പല അംഗങ്ങളും പരസ്പരം സംസാരിക്കാനും മറ്റുമായി മറ്റംഗങ്ങളുടെ സീറ്റുകളിൽ ഇരിക്കുന്നത് പതിവുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിംഗ്വിക്ക് അനുവദിച്ച സീറ്റിനടിയിൽ 500 രൂപയുടെ കെട്ട് എങ്ങനെയെത്തിയെന്നു സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. മുതിർന്ന എംപിമാരും രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഏതൊക്കെ എംപിമാർ അന്വേഷണസംഘത്തിലുണ്ടെന്നു വ്യക്തമല്ലെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.അദാനി കൈക്കൂലി, മണിപ്പുർ കലാപം, സംബാൽ അക്രമം, വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച് വിവാദം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ സഖ്യം നേതാക്കൾ ആരോപിച്ചു.
ആരോ മറന്നുവച്ച പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുകൊടുക്കാം. ആരെങ്കിലും ബോധപൂർവം മറ്റൊരാളുടെ സീറ്റിനടിയിൽ ഉപേക്ഷിച്ചതാണെങ്കിൽ സിസിടിവി ദൃശ്യം പരിശോധിച്ചു കണ്ടെത്തി നടപടി സ്വീകരിക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
തുടരുന്ന സുരക്ഷാവീഴ്ച
കഴിഞ്ഞ വർഷം ഡിസംബർ 13ന് രണ്ടുപേർ ലോക്സഭാ ഗാലറിയിൽനിന്നു താഴേക്കു ചാടി പുകയാക്രമണം നടത്തിയ സംഭവത്തിനു പിന്നാലെയാണു സഭയ്ക്കുള്ളിൽനിന്ന് നോട്ടുകെട്ട് കണ്ടെത്തിയത്.
പുകയാക്രമണം നടത്തിയ സംഭവത്തിൽ ബിജെപി എംപിയുടെ പാസിലെത്തിയ പ്രതികൾക്കെതിരേയുള്ള നടപടികളെക്കുറിച്ച് പിന്നീടൊന്നും കേൾക്കാതായെന്ന് കോണ്ഗ്രസ് എംപിമാർ ചൂണ്ടിക്കാട്ടി.
സംഭവത്തിന്റെ പേരിൽ പാർലമെന്റിലെ സ്പീക്കറുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള സിഐഎസ്എഫ് ഭടന്മാരെ നിയോഗിച്ചു.
എന്നാൽ, പാർലമെന്റ് പൂർണമായി ഷായുടെ നിയന്ത്രണത്തിലാക്കുന്നതിന് നടത്തിയ നാടകമായിരുന്നു പുകയാക്രമണമെന്ന് പ്രതിപക്ഷ എംപിമാർ ആരോപിക്കുന്നു.
രാജ്യസഭയ്ക്കുള്ളിൽ നോട്ടുകെട്ട് കൊണ്ടുവന്നതിന്റെ പേരിൽ ജനപ്രതിനിധികളെക്കൂടി സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കാനുള്ള ഗൂഢനീക്കമാണ് പുതിയ വിവാദത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഒരു മുതിർന്ന കോണ്ഗ്രസ് എംപി പറഞ്ഞു.
""സഭയിലിരുന്നത് മൂന്നു മിനിറ്റ്; സംഭവം അത്ഭുതപ്പെടുത്തി''
വെറും മൂന്നു മിനിറ്റ് മാത്രമാണ് വ്യാഴാഴ്ച ഞാൻ രാജ്യസഭയിലെ സീറ്റിലുണ്ടായിരുന്നത്. ആർക്കു വേണമെങ്കിലും എന്റെ സീറ്റിലോ സീറ്റിനടിയിലോ ആ പണം വയ്ക്കാം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.57നാണു ഞാൻ സഭയിലെത്തിയത്. മൂന്നു മിനിറ്റനകം സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ഒന്നുമുതൽ 1.30 വരെ പാർലമെന്റ് കാന്റീനിൽ കോണ്ഗ്രസ് എംപി അയോധ്യ പ്രസാദിനൊപ്പം ഇരുന്നു. തുടർന്ന് വീട്ടിലേക്കു പോയി. സംഭവത്തിൽ അന്വേഷണം വേണം. പക്ഷേ സംഭവത്തെ വിവാദമാക്കുന്നത് തമാശയാണ്: സിംഗ്വി പറഞ്ഞു.