സൊറോസ് വിഷയത്തിൽ ലോക്സഭ വീണ്ടും സ്തംഭിച്ചു
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന് അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ലോക്സഭ വീണ്ടും സ്തംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ആരോപണമുന്നയിച്ച ബിജെപി അംഗം നിഷികാന്ത് ദുബെയ്ക്കെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ അവകാശലംഘന നോട്ടീസ് നൽകിയിരുന്നു.
ദുബെയുടെ വ്യാഴാഴ്ചത്തെ ആരോപണത്തിനെതിരേ കോണ്‍ഗ്രസ് അംഗങ്ങളായ കെ.സി. വേണുഗോപാലും ഗൗരവ് ഗൊഗോയിയും സഭയിൽ പ്രതിഷേധം അറിയിച്ചു. തുടർന്ന് കോണ്‍ഗ്രസ് അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി.
വ്യാഴാഴ്ച പ്രതിഷേധത്തിൽനിന്നു വിട്ടുനിന്ന സമാജ്വാദി പാർട്ടി, തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ പ്രതിഷേധത്തിൽ കോണ്‍ഗ്രസിനൊപ്പം ചേർന്നു. ഇതോടെ രാവിലെ 11 ആരംഭിച്ച ലോക്സഭാനടപടികൾ 12 വരെ നിർത്തിവച്ചു.
ഉച്ചയ്ക്ക് വീണ്ടും സഭ സമ്മേളിച്ചപ്പോൾ അധ്യക്ഷനായിരുന്ന ബിജെപി അംഗം ദിലീപ് സൈകിയ വ്യാഴാഴ്ച ശൂന്യവേളയിൽ പൂർത്തിയാക്കാൻ കഴിയാത്ത വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കാൻ ദുബെയ്ക്ക് അവസരം നൽകി.
സൊറോസ് വിഷയം ദുബെ വീണ്ടും സഭയിൽ അവതരിപ്പിച്ചപ്പോൾ സഭയിൽ ഇത്തരമൊരു കീഴ്വഴക്കമില്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഇതോടെ സഭാനടപടികൾ മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിച്ച് തിങ്കളാഴ്ചവരെ പിരിച്ചുവിടുകയായിരുന്നു.
ശീതകാല സമ്മേളനത്തിന്റെ രണ്ടാമത്തെ ആഴ്ചയും അദാനി, സംബാൽ വിഷയം പ്രതിപക്ഷം ഉന്നയിച്ചതോടെ സഭ കലുഷിതമായിരുന്നു. സൊറോസ് വിഷയം ഉയർത്തി ബിജെപി സംരക്ഷണവലയം തീർത്തതോടെ കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രമാണു സഭാനടപടികൾ ശരിയായ രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചത്.