മധ്യപ്രദേശിൽ 12-ാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു
Saturday, December 7, 2024 1:51 AM IST
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചുകൊന്നു. ആക്രമണശേഷം മറ്റൊരു വിദ്യാർഥിക്കൊപ്പം പ്രിൻസിപ്പലിന്റെ സ്കൂട്ടറിൽ കടന്നുകളഞ്ഞ പതിനേഴുകാരനെ ഏതാനും മണിക്കൂറിനകം പോലീസ് അറസ്റ്റ് ചെയ്തു.
ദാമോര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശൗചാലയത്തിന്റെ പുറത്തുവച്ചാണ് പ്രിൻസിപ്പൽ എസ്.കെ. സക്സേന (55) യ്ക്കു തലയ്ക്കു വെടിയേറ്റത്. പ്രിൻസിപ്പൽ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞതായി സിറ്റി പോലീസ് സൂപ്രണ്ട് അമൻ മിശ്ര അറിയിച്ചു.
നാടൻ കൈത്തോക്ക് ഉപയോഗിച്ച് ഒരു പ്രാവശ്യമാണ് വിദ്യാർഥി വെടിവച്ചത്. ഈ കൈത്തോക്ക് കണ്ടെടുത്തു. അഞ്ചു വർഷമായി സക്സേന സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു. സക്സേനയെ വെടിവച്ചു കൊന്ന വിദ്യാർഥി സ്കൂളിൽ പ്രശ്നക്കാരനായിരുന്നു. വൈകിയെത്തിയതിനു പ്രിൻസിപ്പൽ വഴക്കുപറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.