കർഷകരുടെ "ദില്ലി ചലോ’ മാർച്ചിൽ സംഘർഷം
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: പഞ്ചാബിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന "ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽനിന്ന് ഡൽഹിയിലേക്കു മാർച്ച് നടത്തിയ 101 കർഷകർക്കുനേരെ ഹരിയാന പോലീസ് കണ്ണീർവാതക പ്രയോഗം നടത്തി. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റെന്ന് കർഷകർ പറഞ്ഞു.
ഡൽഹിയിലേക്ക് കടക്കുന്നതിൽനിന്നു കർഷകരെ തടയാൻ അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതു മറികടന്ന് കർഷകർ മുന്നേറിയതോടെയാണു സംഘർഷമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഹരിയാനയിലെ അതിർത്തിഗ്രാമമായ അംബാലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ അംബാലയിലെ 11 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്.
കേന്ദ്രസർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനമായിട്ടുള്ളതിനാൽ ഇന്നു മാർച്ച് തുടരില്ലെന്ന് കർഷകനേതാക്കൾ അറിയിച്ചു. സർക്കാരുമായി സംഘർഷത്തിനു താത്പര്യമില്ലെന്നും കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ തീർപ്പാക്കി പ്രശ്നം രമ്യമായി പരിഹരിക്കുകയാണു വേണ്ടതെന്നും നേതാക്കൾ പറഞ്ഞു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കൂടുതൽ കർഷകരുമായി നാളെ മാർച്ച് പുനരാരംഭിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
വിളകൾക്കു മിനിമം താങ്ങുവില പ്രഖ്യാപിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഈ വർഷം ആദ്യം നടത്തിയ മാർച്ചാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദുർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കർഷകർ ഡൽഹിയിലേക്കു മാർച്ച് നടത്തിയിരുന്നെങ്കിലും ശംഭു അതിർത്തിയിൽ തടയുകയായിരുന്നു. ഡൽഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചതിനാൽ പിന്നീട് ഫെബ്രുവരി 13 മുതൽ ശംഭു, കനൗരി അതിർത്തികളിൽ ക്യാന്പ് ചെയ്താണു കർഷകർ സമരം ചെയ്തുവന്നത്.
പത്തു മാസത്തിനിടെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ യാതൊരു നടപടികളെടുത്തിട്ടില്ലെന്നും ഫെബ്രുവരി 18 മുതൽ കേന്ദ്രസർക്കാർ ചർച്ച നടത്താൻ തയാറായില്ലെന്നും ആരോപിച്ചാണ് കർഷകർ ഡൽഹിയിലേക്കുള്ള മാർച്ച് ശംഭു അതിർത്തിയിൽനിന്ന് ഇന്നലെ പുനരാരംഭിച്ചത്.
ചർച്ചകളിൽ പരിഹാരമായില്ലെങ്കിൽ കൂടുതൽ കർഷകരുടെ സംഘങ്ങൾ വരുംദിവസങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നതിനാൽ അതിർത്തിയിൽ പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.