ജീവിതശൈലീ രോഗങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ ആവശ്യം: ജോസ് കെ.മാണി
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: യുവജനങ്ങളെ അകാലമരണത്തിലേക്കു തള്ളിവിടുന്ന ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ജീവിതശൈലീ രോഗങ്ങൾക്കെതിരേ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ജോസ് കെ. മാണി എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. 30 നും 40 നുമിടയിൽ പ്രായമുള്ളവരെയാണ് ജീവിതശൈലീ രോഗങ്ങൾ ഏറെയും ബാധിക്കുന്നത്.
പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നാലിൽ ഒരാൾ അകാല മരണത്തിന് ഇരയാകുന്നുണ്ട്. ഓരോ വർഷവും ഇത്തരത്തിൽ ലക്ഷക്കണക്കിനാളുകളാണ് മരിക്കുന്നത്. ഇതു വ്യക്തിപരമായ നഷ്ടം മാത്രമല്ല, രാജ്യത്തിനും നികത്താനാകാത്ത നഷ്ടമാണ്-എംപി ചൂണ്ടിക്കാട്ടി.
തെറ്റായ ജീവിതശൈലി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം, മികച്ച ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത, വിഷലിപ്തമായ ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയാണ് ഈ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ. രോഗങ്ങൾ യഥാസമയം കണ്ടെത്താതിരിക്കുന്നതും മരണകാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.