ജമ്മുകാഷ്മീരിൽ ഗവർണർ-സർക്കാർ ഭിന്നത
Saturday, December 7, 2024 1:51 AM IST
ശ്രീനഗർ: ഭരണപരമായ കാര്യങ്ങളെച്ചൊല്ലി ജമ്മുകാശ്മീരിലെ ഒമർ അബ്ദുള്ള സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലെന്നു റിപ്പോർട്ട്.
2018ൽ ജമ്മുകാശ്മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗവർണർ പൂർണ അധികാരം ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, രണ്ടുമാസം മുന്പ് സംസ്ഥാന സർക്കാർ അധികാരത്തിലെത്തിയതോടെ സ്ഥിതിഗതികൾ മാറി.
പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ഗവർണർക്ക് കേന്ദ്ര സർവീസ് ഓഫീർമാർക്കുമേൽ അധികാരമുണ്ട്. ക്രമസമാധാന നിർവഹണവും മറ്റു ചില ചുമതലകളും കേന്ദ്ര ഓഫീസർമാർക്കാണ്.
അടുത്തനാളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സൗദി അറേബ്യയിൽ തീർഥാടനത്തിലായിരിക്കെ ലഫ്. ഗവർണർ ജമ്മുകാശ്മീർ സംസ്ഥാന സർവീസിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതാണു പ്രശ്നങ്ങൾക്കു വഴിവച്ചത്. സംസ്ഥാന സർക്കാർ സ്ഥലമാറ്റത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു.