ദേശീയപാതകളുടെ വികസനം: കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് മന്ത്രി റിയാസ്
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മികച്ച പ്രതികരണമായിരുന്നു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മന്ത്രി പറഞ്ഞു.
17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമർപ്പിച്ചത്. കേന്ദ്രമന്ത്രി ഈ ആവശ്യത്തോട് അനുകൂലമായാണു പ്രതികരിച്ചത്. പല കാരണങ്ങളാൽ വൈകിയ ഏഴു പദ്ധതികൾ അലൈൻമെന്റ് പുതുക്കി നൽകിയത് അംഗീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ഈ ഏഴു പദ്ധതികൾക്കുമായി മൊത്തം 460 കിലോമീറ്റർ നീളമാണുള്ളത്. മലാപ്പറന്പ്-പുതുപ്പാടി, പുതുപ്പാടി-മുത്തങ്ങ, കൊല്ലം- ആഞ്ഞിലിമൂട്, കോട്ടയം- പൊൻകുന്നം, മുണ്ടക്കയം- കുമളി, ഭരണിക്കാവ്- മുണ്ടക്കയം, അടിമാലി-കുമളി എന്നിവയാണ് പദ്ധതികൾ.
പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവെ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. പോർട്ട് കണക്ടിവിറ്റി റോഡുകൾക്ക് പരിഗണന നൽകും. ശബരിമല സീസണിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പുനലൂർ ബൈപാസ് വികസനത്തിന് കേന്ദ്രമന്ത്രി അംഗീകാരം നൽകി. തിക്കോടിയിൽ വാഹനങ്ങൾ കടന്നുപോകുന്നതിന് അടിപ്പാത നിർമിക്കുന്നതും കേന്ദ്രമന്ത്രി അംഗീകരിച്ചു.
കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള ഒന്പത് കിലോമീറ്റർ എലവേറ്റഡ് പാത നിർമിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ തീരുമാനമായി. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതും ചർച്ചയായതായി മന്ത്രി വ്യക്തമാക്കി.