ആരോഗ്യ പദ്ധതികൾക്ക് കീഴിലുള്ള ചികിത്സയ്ക്കിടെ മരിച്ചത് 112 പേർ
Saturday, December 7, 2024 1:51 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ സർക്കാർ ആരോഗ്യ പരിരക്ഷാ പദ്ധതികൾക്കു കീഴിലുള്ള ചികിത്സയ്ക്കിടെ മരിച്ചത് 112 പേർ. മൂന്നുവർഷത്തിനിടെയാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ (പിഎംജെഎവൈ) കീഴിൽ ചികിത്സതേടിയ രണ്ടു പേരുടെ മരണത്തെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഹൈദരാബാദിലെ ഖ്യാതി മൾട്ടിസ്പെഷാലിറ്റി ആശുപത്രി ഡയറക്ടർ ഡോ. സഞ്ജയ് പട്ടോളിയുടെ അറസ്റ്റിനു പിന്നാലെയാണ് അന്വേഷണമുണ്ടായത്. അനാവശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തിയതിനെത്തുടർന്ന് രണ്ടു രോഗികൾ മരിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിൽ ചികിത്സതേടിയ രോഗികൾക്കാണ് ആവശ്യമില്ലാതെ ആൻജിയോപ്ലാസ്റ്റി നടത്തിയത്.
2021 സെപ്റ്റംബറിനും 2024 ഒക്ടോബറിനുമിടയിൽ 8,500ഓളം രോഗികൾ ചികിത്സതേടുകയോ വ്യത്യസ്ത ശസ്ത്രക്രിയകൾക്കു വിധേയരാകുകയോ ചെയ്തതായി അസി. കമ്മീഷണർ ഭരത് പട്ടേൽ പറഞ്ഞു. ഇതിൽ 3,842 പേർക്ക് പിഎംജെഎവൈ പോലുള്ള സർക്കാർ ആരോഗ്യരക്ഷാ പദ്ധതികൾക്കു കീഴിൽ സൗജന്യ ചികിത്സ ലഭിച്ചു. ഈ 3,842 പേരിൽ മൂന്നു വർഷത്തിനിടെ 112 പേരാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ആരോഗ്യപരിരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. ആൻജിയോപ്ലാസ്റ്റിയെത്തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ ഖ്യാതി മൾട്ടിസ്പെഷാലിറ്റി സിഇഒ രാഹുൽ ജെയിൻ, ഡയറക്ടർ ചിരാഗ് രജ്പുത് എന്നിവരുൾപ്പെടെ ഏഴ് പേരെ ഇതുവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ പ്രതികളായ ആശുപത്രി ചെയർമാൻ കാർത്തിക് പട്ടേലും ഡയറക്ടർ രാജശ്രീ കോത്താരിയും ഒളിവിലാണ്.
നവംബർ 11-ന് ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയരായി മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഗ്രാമങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ‘രോഗി’കളായ പിഎംജെഎവൈ കാർഡ് ഉടമകകളെ കണ്ടെത്തിയിരുന്നത്.
സർക്കാരിൽനിന്ന് ഉടൻ പണം ലഭിക്കാൻ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചായിരുന്നു ചികിത്സ. കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ആശുപത്രി മാനേജ്മെന്റും ഡോക്ടർമാരും ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു.