തമിഴ് സംവിധായകൻ ജയഭാരതി അന്തരിച്ചു
Saturday, December 7, 2024 1:51 AM IST
ചെന്നൈ: പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി (77) അന്തരിച്ചു. വെള്ളിയാഴ്ച ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ് സമാന്തരസിനിമയുടെ മുഖമായിരുന്നു ജയഭാരതി. ‘കുടിസൈ’ ആണ് ജയഭാരതിയുടെ ആദ്യ സിനിമ.
തമിഴ്സിനിമയിലെ സമാന്തര സിനിമകളുടെ തുടക്കക്കാരിലൊരാണു ജയഭാരതി. 2002 ൽ പുറത്തിറങ്ങിയ നൻപ നൻപ എന്ന ചിത്രത്തിനു ദേശീയ പുരസ്കാരവും ലഭിച്ചു. 1979 ൽ പുറത്തിറങ്ങിയ കുടിസൈ പൂർത്തിയാക്കിയത് പൊതുജനങ്ങളിൽനിന്നു പണം സ്വരൂപിച്ചായിരുന്നു. മാധ്യമപ്രവർത്തകനായി കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു. അവസാന ചിത്രം ‘പുതിരൻ’ 2010ൽ പുറത്തിറങ്ങി.