കോളജിലെ മസ്ജിദിനെതിരേയും പ്രതിഷേധം
Saturday, December 7, 2024 1:51 AM IST
വാരാണസി: നഗരത്തിലെ ഉദയ് പ്രതാപ് കോളേജ് കാംപസിനുള്ളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. കാവിക്കൊടുകളുയർത്തി ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു പ്രതിഷേധം.
കോളജ് ഗേറ്റിൽ പ്രതിഷേധിച്ച സംഘം ഉള്ളിലേക്കു കടക്കുന്നതിൽനിന്നു പോലീസ് തടഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപ്, മസ്ജിദിൽ നിസ്കാരം നടക്കുന്ന സമയത്ത് വെളിയിൽ വിദ്യാർഥികൾ ഹനുമാൻ ചാലിസയുമായി എത്തിയ സംഭവം ചെറിയ തോതിൽ സംഘർഷത്തിലേക്ക് നയിച്ചിരുന്നു.
അതേസമയം, ഈ മസ്ജിദിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ചോദ്യങ്ങളുന്നയിച്ചുകൊണ്ട് ഉത്തർപ്രദേശ് വഖഫ് ബോർഡിനു ചില വിദ്യാർഥികൾ കത്തയച്ചു. മുൻപൊരിക്കൽ, കോളജ് കാംപസിൽ സ്ഥിതി ചെയ്യുന്ന മസ്ജിദും ചുറ്റുമുള്ള ഭൂമിയും വഖഫിന്റെ വകയാണെന്ന അവകാശവാദം ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ഉന്നയിച്ചിരുന്നു.