വ്യവസായ സൗഹൃദ അന്തരീക്ഷം നിക്ഷേപകർ പ്രയോജനപ്പെടുത്തണം: പി.രാജീവ്
Saturday, December 7, 2024 1:51 AM IST
ന്യൂഡൽഹി: കേരളത്തിന്റെ തൊഴിൽ നൈപുണ്യവും വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കുമായി ന്യൂഡൽഹിയിൽ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐടി, ഇതര നൂതന സാങ്കേതികവിദ്യാ മേഖലയിൽ രാജ്യത്തു കേരളമാണ് മുൻപന്തിയിലെന്നും നിരവധി വിദേശ കന്പനികൾ ഈ മേഖലകളിൽ കേരളത്തിൽ നിക്ഷേപത്തിനു തയാറാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽനിന്നു നിക്ഷേപം ആകർഷിക്കുന്നതിനായി റൗണ്ട് ടേബിൾ സമ്മേളനങ്ങൾ, ഇൻവെസ്റ്റേഴ്സ് കോണ്‍ക്ലേവുകൾ, സെക്ടറൽ യോഗങ്ങൾ, റോഡ് ഷോകൾ എന്നിവയുൾപ്പെടെ 41 പരിപാടികളാണ് റോഡ് ഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ, എംഡി എസ്. ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ഫിക്കി റീജണൽ ആൻഡ് സ്റ്റേറ്റ് കൗണ്‍സിൽസ് ഡയറക്ടർ തരുണ്‍ ജെയിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.