പ്രോബ-3 ബഹിരാകാശ പേടകങ്ങൾ ഭ്രമണപഥത്തിൽ
Friday, December 6, 2024 2:44 AM IST
ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 ബഹിരാകാശപേടകങ്ങൾ ഐസ്ആർഒയുടെ പിഎസ്എൽവി സി55 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. സൂര്യന്റെ പുറം അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുകയാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം.
രണ്ട് ഉപഗ്രഹങ്ങളും കൃത്യമായി ഭമണപഥത്തിൽ എത്തിയതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പ്രോബ-3 (പ്രോജക്ട് ഫോർ ഓൺബോർഡ് ഓട്ടോണമി) യിൽ രണ്ടു ഉപഗ്രഹങ്ങളാണുള്ളത്. രണ്ട് ഉപഗ്രഹങ്ങളും ഒരേപോലെ കൃത്യതയോടെ ഒന്നായി പറന്ന് സൂര്യന്റെ പുറം അന്തരീക്ഷത്തെക്കുറിച്ചു പഠിക്കും.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് ഐഎസ്ആർഒയുടെ വാണിജ്യനേട്ടമായി. ഐസ്അർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ആണ് കരാർ സ്വന്തമാക്കിയത്. രണ്ടു ബഹിരാകാശ പേടകങ്ങളെ ഒരേസമയം ഒന്നുപോലെ പറത്തുക, സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചു പഠിക്കുക എന്നിവയാണ് ഈ വിക്ഷേപണത്തിന്റെ ലക്ഷ്യം.
ഉപഗ്രഹത്തിൽ 310 കിലോഗ്രാമുള്ള കൊറോണാഗ്രാഫ്, 240 കിലോഗ്രാമുള്ള ഒക്കൽട്ടർ എന്നീ ബഹിരാകാശപേടകങ്ങളാണുള്ളത്. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥത്തിൽ എത്തിച്ചശേഷം രണ്ടു ബഹിരാകാശപേടകങ്ങളും ഒരുമിച്ചു വിക്ഷേപിക്കും.