വയനാട് ദുരന്തം: കേന്ദ്രസഹായത്തിൽ തീരുമാനമായില്ല
Friday, December 6, 2024 2:44 AM IST
ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അനുവദിക്കുന്നതിനുള്ള തീരുമാനം നീളുന്നു.
സഹായം സംബന്ധിച്ച തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ അറിയിക്കുമെന്ന് കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘത്തെ അറിയിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. വിഷയത്തിൽ മന്ത്രി തുടർപ്രതികരണങ്ങൾ നടത്തിയിട്ടില്ലാത്തതിനാൽ കേന്ദ്രസഹായം എന്നു ലഭ്യമാകുമെന്നതിൽ അവ്യക്തത തുടരുകയാണ്.
അതേസമയം, കേരളത്തിനു നൽകാനുള്ള സഹായത്തെക്കുറിച്ചുള്ള തീരുമാനം അമിത് ഷാ ഉടൻ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിൽനിന്നുള്ള എംപിമാർ അമിത് ഷായെ കണ്ടതിനാൽ തീരുമാനം ഉറപ്പായും ഉണ്ടാകുമെന്നും കാത്തിരിക്കാനുമാണ് ജോർജ് കുര്യൻ പറയുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ലെവൽ 3 (എൽ 3) ദുരന്തമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അമിത് ഷായ്ക്ക് നിവേദനം നൽകിയപ്പോൾ അടുത്ത ദിവസം അറിയിക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
2,221 കോടി രൂപയുടെ സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പുനരധിവാസ പദ്ധതി പരിശോധിച്ചു വരികയാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.