ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി
Friday, December 6, 2024 2:44 AM IST
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മുംബൈ ആസാദ് മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (യുപി), നിതീഷ്കുമാർ (ബിഹാർ), ഭൂപേന്ദ്ര പട്ടേൽ (ഗുജറാത്ത്), നായബ് സിംഗ് സെയ്നി (ഹരിയാന), പ്രമോദ് സാവന്ത് (ഗോവ), പുഷ്കർ സിംഗ് ധാമി (ഉത്തരാഖണ്ഡ്), ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, വ്യവസായികളായ മുകേഷ് അംബാനി, കുമാർമംഗലം ബിർല, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്-നെനെ തുടങ്ങിയവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു.
മഹായുതി സഖ്യം വൻ വിജയം നേടി രണ്ടാഴ്ചയ്ക്കുശേഷമാണ് മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തിനായി ഏക്നാഥ് ഷിൻഡെ അവകാശമുന്നയിച്ചതോടെയാണ് സർക്കാർ രൂപവത്കരണം വൈകിയത്.
ഷിൻഡെ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ അവസാനനിമിഷം വരെ അനിശ്ചിതത്വമുണ്ടായിരുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിനു മുന്പായി കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുധീർ മുംഗന്തിവാർ പറഞ്ഞു. സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാർ വരെയാകാം. പകുതി മന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കും.
സത്യപ്രതിജ്ഞയ്ക്കു മുന്പ് മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെത്തി ദേവേന്ദ്ര ഫഡ്നാവിസ് പൂജ നടത്തി. നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഫഡ്നാവിസ്(54) മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. 288 അംഗ നിയമസഭയിൽ മഹായുതിക്ക് 230 പേരുടെ പിന്തുണയുണ്ട്. ബിജെപിക്കു മാത്രം 132 അംഗങ്ങളുണ്ട്.
ലഡ്കി ബഹിൻ സ്റ്റൈപ്പെൻഡ് 2100 രൂപയാക്കുമെന്ന്
മുംബൈ: സ്ത്രീകൾക്കുള്ള ലഡ്കി ബഹിൻ യോജന തന്റെ സർക്കാർ തുടരുമെന്ന് പ്രതിമാനം 2100 രൂപ വീതം നല്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്.