വിമാനനിരക്ക് കൊള്ളയ്ക്കെതിരേ പാർലമെന്റിൽ പ്രതിഷേധം
Friday, December 6, 2024 2:44 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: സ്വകാര്യ വിമാനക്കന്പനികൾ യാത്രക്കാരെ കൊള്ളയടിച്ച് വൻനിരക്ക് ഈടാക്കുന്നതിനെതിരേയും പുതിയ ബില്ലുകളുടെ പേരുകൾ ഹിന്ദിവത്കരിക്കുന്നതിനെതിരേയും പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം.
ഇതിനിടയിൽ, 90 വർഷം പഴക്കമുള്ള വിമാന നിയമത്തിനു (എയർക്രാഫ്റ്റ് ആക്ട്) പകരമുള്ള ഭാരതീയ വായുയാൻ വിധേയക് ബിൽ രാജ്യസഭ ഇന്നലെ പാസാക്കി. ലോക്സഭ ഈ ബിൽ നേരത്തേ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതിയോടെ നിയമം വൈകാതെ നടപ്പിലാക്കും.
തോന്നുംപടിയുള്ള വിമാനടിക്കറ്റ് നിരക്കു വർധന അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു. നിരക്കുകളിലെ മാറ്റം 24 മണിക്കൂർ സിവിൽ ഏവിയേഷൻ അഥോറിറ്റിയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ മാറ്റും. എന്നാൽ, ടാറ്റ, ഇൻഡിഗോ അടക്കമുള്ള വൻകിട സ്വകാര്യ കന്പനികളും ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കന്പനികളും പലമടങ്ങ് നിരക്കു കൂട്ടി യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരേ നടപടിയുണ്ടാകണമെന്ന ആവശ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫ് യാത്രക്കാരിൽനിന്നും ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരിൽനിന്നും ക്രിസ്മസ്, പുതുവത്സരം ഉൾപ്പെടെയുള്ള അവധി സീസണുകളിൽ വൻ കൊള്ളനിരക്കാണു വിമാനക്കന്പനികൾ ഈടാക്കുന്നതെന്ന് ജോസ് കെ. മാണി, ജെബി മേത്തർ, ജോണ്‍ ബ്രിട്ടാസ്, ഹാരീസ് ബീരാൻ, എ.എ. റഹീം, പി.പി. സുനീർ, അബ്ദുൾ വഹാബ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
ഗൾഫിലെ തൊഴിലാളികൾക്ക് കേരളത്തിലേക്കുള്ള വിമാനടിക്കറ്റിന് 8,000 രൂപയായിരുന്നത് ഇപ്പോൾ 46,000 രൂപയാക്കിയെന്നും റിട്ടേണ്‍ ടിക്കറ്റിന് ഒരു ലക്ഷം രൂപയാണു വാങ്ങുന്നതെന്നും രാവിലെ ശൂന്യവേളയിൽ ജെബി മേത്തർ ചൂണ്ടിക്കാട്ടി.
അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് പാവപ്പെട്ടവരോടുള്ള സംഘടിത കൊള്ളയാണെന്ന് കേരള എംപിമാർ പറഞ്ഞു. പാവപ്പെട്ട ഒരു കുടുംബത്തിന് 36,000 രൂപയ്ക്ക് എടുത്തിരുന്ന വിമാന ടിക്കറ്റിന് 3.64 ലക്ഷം വരെ ഇപ്പോൾ ചെലവ് വരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനക്കൂലിയും അഞ്ചിരട്ടി വരെയാണു കൂട്ടിയതെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
അതേസമയം, കേന്ദ്രസർക്കാരിന്റെ പുതിയ നിയമനിർമാണങ്ങൾക്കെല്ലാം ഹിന്ദിയിൽ പേരു നൽകുന്നതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഹിന്ദി സംസാരിക്കാത്തവരുടെമേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് തൃണമൂൽ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷും ഡിഎംകെ നേതാവ് കനിമൊഴിയും വൈഎസ്ആർ കോണ്‍ഗ്രസിലെ എസ്. നിരഞ്ജൻ റെഡ്ഢിയും അടക്കമുള്ളവർ മുന്നറിയിപ്പു നൽകി. രാജ്യത്തെ ജനസംഖ്യയിൽ 56 ശതമാനം പേരും ഹിന്ദി മാതൃഭാഷയല്ലാത്തവരാണെന്ന് എംപിമാർ പറഞ്ഞു.
ബില്ലുകളുടെ പേരുകൾ ഹിന്ദിയിലാക്കുന്നതിനെതിരേ കേരള എംപിമാരും പ്രതികരിച്ചു. ചർച്ചയ്ക്കിടെ, അദാനി കൈക്കൂലിയെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസിലെ പ്രമോദ് തിവാരിയും സഈദ് നസീർ ഹുസൈനും ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ ജഗദീഷ് ധൻകർ അനുവദിച്ചില്ല.
ഭാരതീയ വായുയാൻ വിധേയക് ബിൽ
വിമാനങ്ങളുടെ ഡിസൈൻ, നിർമാണം, പരിപാലനം, കൈവശം വയ്ക്കൽ, ഉപയോഗം, ഓപ്പറേഷൻ, വിൽപ്പന, കയറ്റുമതി, ഇറക്കുമതി എന്നിവയെല്ലാം നിയന്ത്രിക്കുന്നതിനുള്ളതാണ് ഭാരതീയ വായുയാൻ വിധേയക് ബിൽ.
പേരു മാറിയെങ്കിലും 1934ലെ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്ടിലെ മിക്ക വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്. വ്യോമയാനമേഖലയിൽ നിക്ഷേപം ആകർഷിക്കാനും ബിസിനസ് ചെയ്യാനുള്ള സൗകര്യം വർധിപ്പിക്കാനും പുതിയ നിയമം സഹായിക്കുമെന്ന് ബിൽ അവതരിപ്പിച്ച വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു പറഞ്ഞു.
ഇന്ത്യയിൽത്തന്നെ വിമാനം നിർമിക്കാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും
മന്ത്രി വിശദീകരിച്ചു.