രാഹുലിനെതിരേ ബിജെപി പരാമർശം: ഇരുസഭകളിലും പ്രതിഷേധം
Friday, December 6, 2024 2:44 AM IST
സനു സിറിയക്
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വിദേശ നിക്ഷേപകൻ ജോർജ് സോറോസും തമ്മിൽ ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വികസന മുരടിപ്പിന് പ്രതിപക്ഷം ശ്രമിക്കുന്നുവെന്നുമുള്ള ബിജെപി എംപിയുടെ ലോക്സഭയിലെ പരാമർശത്തിൽ പ്രതിപക്ഷ ബഹളം.
സംബാൽ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടയിലാണു ബിജെപി എംപി നിഷികാന്ത് ദുബെ ഈ ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭാനടപടികൾ രണ്ടു തവണ നിർത്തിവച്ചു.
അദാനി, സംബാൽ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചതിന്റെ പേരിൽ പ്രതിപക്ഷ നേതാവിനെതിരേ പരാമർശം നടത്തിയ ദുബെയ്ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാക്കൾ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കു പരാതി നൽകി.
തുടർന്ന് കോണ്ഗ്രസ് എംപിമാർ പാർലമെന്റിന്റെ കവാടത്തിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇതേ പരാമർശം ബിജെപി അംഗം സുധാൻഷു ത്രിവേദി രാജ്യസഭയിൽ ആവർത്തിച്ചതോടെ പ്രതിപക്ഷം അവിടെയും എതിർപ്പറിയിച്ചു നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഒരു മണിക്കൂർ രാജ്യസഭയും നിർത്തി വച്ചു.
അമേരിക്ക ആസ്ഥാനമായ നിക്ഷേപകനുമായും അന്വേഷണാത്മക മാധ്യമ പ്ലാറ്റ്ഫോമായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടുമായും (ഒസിസിആർപി) കോണ്ഗ്രസിനു ബന്ധമുണ്ടെന്നും കോവിഡ് വാക്സിൻ ഫലപ്രാപ്തി, പെഗാസസ് ചാരവൃത്തി തുടങ്ങിയ വിഷയങ്ങളിൽ ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പലതും പാർലമെന്റ് സമ്മേളനം തടസപ്പെടുത്താൻ ഉപയോഗിക്കുന്നുവെന്നുമാണ് ദുബെ ഇന്നലെ പറഞ്ഞത്.
"ദേശീയപതാക ഒഴികെയുള്ള ബാഡ്ജുകൾ ധരിക്കരുത്'
സഭയിൽ എത്തുന്പോൾ ദേശീയ പതാക ഒഴികെയുള്ള ബാഡ്ജുകൾ ധരിക്കരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരേ സ്റ്റിക്കറുകൾ ധരിച്ച ജാക്കറ്റുമായി കോണ്ഗ്രസ് അംഗങ്ങൾ ലോക്സഭയിലെത്തിയതോടെയാണു സ്പീക്കറുടെ ഇടപെടൽ.