വധശ്രമത്തിനുശേഷവും സേവനം തുടർന്ന് ബാദൽ
Friday, December 6, 2024 2:07 AM IST
ചണ്ഡിഗഡ്: തനിക്കെതിരേ വധശ്രമം നടന്നു പിറ്റേന്നും പഞ്ചാബിലെ തക്ത് കേസ്ഗഡ് സാഹിബിൽ ‘സേവാദർ’ ജോലി തുടർന്ന് ശിരോമണി അകാലി ദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ.
പഞ്ചാബിലെ രൂപ്നഗർ ജില്ലയിലുള്ള കേസ്ഗഡ് സാഹിബിൽ സേവാദറിന്റെ നീല യൂണിഫോം ധരിച്ചായിരുന്നു ബദലിന്റെ സേവനം. സെഡ് പ്ലസ് സുരക്ഷയുള്ള ബാദൽ സുരക്ഷാ സൈനികരുടെ വലയത്തിലാണു സേവനത്തിനെത്തിയത്.
ഗുരുദ്വാരയുടെ പ്രവേശനകവാടത്തിൽ കുന്തവും പിടിച്ചു ബാദൽ ഇരിക്കുകായിരുന്നു. വീൽചെയറിൽ സഞ്ചരിച്ച അദ്ദേഹം പിന്നീട് കീർത്തനാലാപനം കേട്ടു. സമൂഹ അടുക്കളയിൽ പാത്രം കഴുകുകയും ചെയ്തു. രാവിലെ ഒന്പതു മുതലായിരുന്നു സേവനം.
സിക്കുകാരുടെ ഉന്നത മതസമിതിയായ അകാൽ തക്തിന്റെ ശിക്ഷാവിധിയെത്തുടർന്നായിരുന്നു ബാദലിന്റെ സേവനം. 2007 മുതൽ 2017 വരെ അധികാരത്തിലിരുന്ന ശിരോമണി അകാലി ദൾ സർക്കാരിന്റെ തെറ്റുകൾക്കാണ് അകാൽ തക്ത് ശിക്ഷ വിധിച്ചത്.
സുവർണ ക്ഷേത്രത്തിനു പുറമെ തക്ത് കേസ്ഗഡ് സാഹിബ്, തക്ത് ദാംദമ സാഹിബ്, ദർബാർ, മുക്സർ, ഫത്തേഗഡ് സാഹിബുകൾ എന്നിവിടങ്ങളിലും സേവനം നടത്താനാണു ബാദലിനെ ശിക്ഷിച്ചിട്ടുള്ളത്.
എല്ലാ സ്ഥലങ്ങളിലും രണ്ടു ദിവസം വീതം സേവനം തുടരണം. സുവർണ ക്ഷേത്രത്തിലെ രണ്ടാം ദവസം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണു ബാദലിനു നേരേ വധശ്രമമുണ്ടായത്. മുൻ ഖലിസ്ഥാൻ ഭീകരൻ നര്യെൻ സിംഗ് ചൗരയാണ് അദ്ദേഹത്തിനു നേരേ വെടിയുതിർത്തത്. വേഷം മിറിനിന്ന പോലീസുകാരുടെ ഇടപെടലിനെത്തുടർന്ന് വധശ്രമം പാളുകയായിരുന്നു.
ബാദലിന്റെ സന്ദർശനം പ്രമാണിച്ച് ഇന്നലെ തക്ത് കേസ്ഗഢിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. വേഷം മാറിയ പോലീസുകാരെയും വിന്യസിച്ചിരുന്നു. അകാലിദൾ നേതാക്കളായ ബിക്രം സിംഗ് മജീദിയ, ബൽവീന്ദർ സിംഗ് ഭുൻഡർ, ഹീര സിംഗ് ഗബീര എന്നിവരുൾപ്പെടെയുള്ളവരും അകാൽ തക്തിന്റെ ശിക്ഷ നേരിടുകയാണ്.