ഹിന്ദു മേഖലയിൽ മുസ്ലിമിനു വീട് നൽകിയതിൽ പ്രതിഷേധം
Friday, December 6, 2024 2:07 AM IST
മൊറാദാബാദ്: ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ഇസ്ലാം മതവിശ്വാസി താമസിക്കുന്നതിൽ പ്രതിഷേധം. ഉത്തർപ്രദേശിലെ മൊറാദാബാദ് ടിഡിഐ ഹൗസിംഗ് സൊസൈറ്റിയിലാണു സംഭവം.
ഇവിടത്തെ താമസക്കാരനായ ഡോ. അശോക് ബജാജ് എന്നയാൾ തന്റെ വീട് മുസ്ലിമായ ഡോ. ഇക്ര ചൗധരിക്ക് വിറ്റുവെന്ന വിവരം അറിഞ്ഞതോടെയാണ് മറ്റു താമസക്കാർ പ്രതിഷേധം ആരംഭിച്ചത്. ഡോ.അശോക് ബജാജ് സ്വന്തം വീട് തിരിച്ചെടുക്കുക എന്നെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ച്, കോളനിയുടെ കവാടത്തിലായിരുന്നു പ്രതിഷേധം.
400 ഹിന്ദു കുടുംബങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ മറ്റു മതസ്ഥർ താമസിച്ചാൽ പ്രദേശത്തിന്റെ പ്രകൃതംതന്നെ മാറിപ്പോകുമെന്നാണു പ്രതിഷേധക്കാരുടെ വാദം. ചൗധരി വാങ്ങിയ വീട് ക്ഷേത്രപരിസരത്താണ് സ്ഥിതി ചെയ്യുന്നത് എന്നതും എതിർപ്പിനു കാരണമായി ഇവർ ചൂണ്ടിക്കാട്ടി.
സൊസൈറ്റിയിലെ അംഗങ്ങൾ ഇതു സംബന്ധിച്ച് തനിക്ക് പരാതി നൽകിയതായി ജില്ലാ മജിസ്ട്രേറ്റ് അനുജ്കുമാർ സിംഗ് പറഞ്ഞു.