സംബാൽ കനത്ത സുരക്ഷയിൽ
Friday, December 6, 2024 2:07 AM IST
സംബാൽ: സംബാൽ സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ചിത്രം പരസ്യപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം. ബാബറി മസ്ജിദ് തകർത്ത ദിവസവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതിനു പിന്നാലെയാണ് നടപടി.
സംഘർഷവുമായി ബന്ധപ്പെട്ട് 400ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ അറസ്റ്റിലാകാത്തവരുടെ ചിത്രവും വിവരങ്ങളും ഉൾപ്പെടുന്ന പോസ്റ്ററുകൾ പതിക്കുമെന്ന് സംബാൽ കളക്ടർ രാജേന്ദർ പെൻസിയ പറഞ്ഞു.
സംഘർഷത്തിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പോലീസ് കണക്കാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം സമാധാന സമിതി യോഗം ചേരുമെന്നും കളക്ടർ അറിയിച്ചു. കേസിൽ ഇതുവരെ, 34 പേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘർഷത്തിലുണ്ടായ നഷ്ടം പ്രതിഷേധക്കാരിൽനിന്നും ഈടാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംബാൽ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചവരിൽനിന്ന് നഷ്ടം ഈടാക്കുമെന്നും അവരുടെ ചിത്രം പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ പാരിതോഷികം പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.