കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകം: മകൻ അറസ്റ്റിൽ
Friday, December 6, 2024 2:07 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിനു പിന്നിൽ ഇരുപതുകാരനായ മകൻ.
ബുധനാഴ്ച രാവിലെ സൗത്ത് ഡൽഹിയിലെ വസതിയിൽ രാജേഷ് കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത(23) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദന്പതികളുടെ മകൻ അർജുനെ (20) പോലീസ് അറസ്റ്റ് ചെയ്തത്. പിതാവ് തല്ലിയതിലുള്ള പ്രതികാരവും സ്വത്ത് കൈവിട്ടുപോകുന്നതിലെ അമർഷവുമാണ് പ്രതിയെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹവാർഷികദിനത്തിലാണ് പ്രതി മൂവരെയും കൊലപ്പെടുത്തിയത്. പിതാവ് സൈന്യത്തിൽ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചായിരുന്നു അരുംകൊല. കുടുംബാംഗങ്ങളുടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെന്ന് പോലീസിനെ ആദ്യം അറിയിച്ചതും പ്രതിയാണ്.
പതിവായി ചെയ്യാറുള്ളതുപോലെ ബുധനാഴ്ച രാവിലെ അഞ്ചിനു താൻ നടക്കാൻ പോയിരിക്കുകയായിരുന്നുവെന്നും തിരിച്ചു വന്നപ്പോൾ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നുമാണ് അർജുൻ ആദ്യം നൽകിയ മൊഴി.
എന്നാൽ മൊഴികളിലെ പൊരുത്തക്കേടുകളും അർജുന്റെ കൈയിലെ മുറിവും പോലീസിന്റെ സംശയം വർധിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനൊടുവിൽ അർജുൻ കുറ്റം സമ്മതിച്ചു. പൊതുമധ്യത്തിൽഅർജുനെ പിതാവ് തല്ലിയതിന്റെയും സ്വത്തുക്കൾ സഹോദരിക്കു നൽകുമെന്ന് മാതാപിതാക്കൾ പറഞ്ഞതിന്റെയും പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്തിയതിനുശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ അർജുൻ തന്റെ പതിവ് ദിനചര്യമായ പ്രഭാതനടത്തം പൂർത്തിയാക്കിയാണു വീട്ടിലേക്ക് തിരിച്ചുവന്നത്.