തമിഴ്നാട്ടിൽ മലിനജലം കുടിച്ച മൂന്നു പേർ മരിച്ചു
Friday, December 6, 2024 2:07 AM IST
ചെന്നൈ: പല്ലവാരത്ത് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട മൂന്നു പേർ ചികിത്സയിലിരിക്കേ മരിച്ചു. 23 പേർ പല്ലവാരം, ക്രോംപേട്ട് ആശുപത്രികളിൽ ചികിത്സയിലാണ്.
ചുഴലിക്കാറ്റിനു പിന്നാലെ പൈപ്പിലൂടെയുള്ള കുടിവെള്ളത്തിൽ മലിനജലം കലർന്നതാവാമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, ജലം ഉപയോഗിച്ച നാനൂറോളം പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നു പോലീസ് പറഞ്ഞു.
കുടിവെള്ള സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി രോഗികളെ സന്ദർശിച്ച ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു. അതേസമയം, ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന് ആശുപത്രി സന്ദർശിച്ച മന്ത്രി ടി.എൻ. അൻപരസൻ പ്രതികരിച്ചു.