ആലപ്പുഴ അപകടം ലോക്സഭയിൽ ഉന്നയിച്ച് കെ.സി. വേണുഗോപാൽ
Friday, December 6, 2024 2:07 AM IST
ന്യൂഡൽഹി: ആലപ്പുഴ കളർകോട് ആറു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം ലോക്സഭയിൽ ഉന്നയിച്ച് സ്ഥലം എംപി കെ.സി.വേണുഗോപാൽ.
വിദ്യാർഥികളുടെ മരണം ദാരുണവും ഹൃദയഭേദകവുമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം റോഡ് സുരക്ഷ കൂടുതൽ ജാഗ്രതയോടെ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷാനിയമവും ഗുഡ് സമരിറ്റൻ നിയമവുമെല്ലാം പാസാക്കി. ദേശീയപാതയുടെ ഘടനയുണ്ടാക്കിയിട്ടുണ്ട്. ഇതും അപകടത്തിനു കാരണമായി. നിയമങ്ങളെല്ലാം നിർമിച്ചുവെങ്കിലും അതൊന്നും നടപ്പായില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം പറഞ്ഞപ്പോൾ എറണാകുളം ബൈപ്പാസിന്റെ പണി ആരംഭിക്കുമെന്ന മറുപടിയാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി നൽകിയത്.
ഇതു കേട്ടതോടെ കെ.സി. വേണുഗോപാലടക്കമുള്ള പ്രതിപക്ഷനേതാക്കൾ ബഹളം വച്ചു. തുടർന്നാണ് മറുപടി നൽകാൻ ഗഡ്ഗരി തയാറായത്. ബ്ലാക് സ്പോട്ടുകൾ പരിശോധിച്ചു വരികയെന്നും ഇതു ഫലപ്രദമായി നടപ്പിലാക്കാൻ 40000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിയമങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകുന്നില്ലെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.