ജാക്കറ്റണിഞ്ഞ് അദാനിക്കെതിരേ പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം
Friday, December 6, 2024 2:07 AM IST
ന്യൂഡൽഹി: വ്യവസായപ്രമുഖൻ ഗൗതം അദാനിക്കെതിരേ ജാക്കറ്റുകളണിഞ്ഞ് പാർലമെന്റിനു പുറത്ത് പ്രതിപക്ഷത്തിന്റെ വേറിട്ട പ്രതിഷേധം.
“മോദി-അദാനി ഏക് ഹേ, അദാനി സേഫ് ഹേ’’ (മോദിയും അദാനിയും ഒന്ന്, അദാനി സുരക്ഷിതനാണ്) എന്നെഴുതിയ സ്റ്റിക്കറുകളും ജാക്കറ്റിൽ ഒട്ടിച്ചായിരുന്നു പ്രതിപക്ഷ എംപിമാർ ഇന്നലെ പാർലമെന്റ് വളപ്പിലെ മകർ ദ്വാറിനു സമീപം പ്രതിഷേധത്തിനെത്തിയത്.
സ്റ്റിക്കറുകളിൽ അദാനിയും മോദിയും ഒന്നിച്ചിരിക്കുന്ന ചിത്രവുമുണ്ടായിരുന്നു. ഭൂരിഭാഗം എംപിമാരും പ്രതിഷേധത്തിന് ഇത്തരം കറുത്ത ജാക്കറ്റുകളണിഞ്ഞപ്പോൾ രാഹുൽ തന്റെ പതിവുവേഷമായ വെളുത്ത ടി ഷർട്ടിലാണ് സ്റ്റിക്കർ അണിഞ്ഞെത്തിയത്.
അദാനിക്കെതിരേ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് പാർലമെന്റിനുപുറത്ത് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
അദാനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാൽ സ്വയം അന്വേഷണം നടത്തുന്നതിനു തുല്യമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതു ചെയ്യില്ലെന്ന് രാഹുൽ പറഞ്ഞു. അദാനിക്കെതിരേ അമേരിക്കയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നും മോദി സഭയിൽ വിഷയത്തെക്കുറിച്ചു സംസാരിക്കണമെന്നും രാഹുലും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.