ഇപിഎഫ്ഒ : യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആക്ടിവേഷന് സമയപരിധി നീട്ടി
Friday, December 6, 2024 2:07 AM IST
ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ഇഎല്‍ഐ) പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആക്ടിവേഷന്(യുഎഎൻ), ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവയുടെ സമയപരിധി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) നീട്ടി. ഈമാസം 15 ആണ് പുതിയ സമയപരിധി.
നേരത്തേ ഇതു നവംബര്‍ 30 ആയിരുന്നു. തൊഴിലുടമകള്‍ക്കായുള്ള യുഎഎൻ ആക്ടിവേഷന് തീയതിയും ബാങ്ക് അക്കൗണ്ടിന്റെ ആധാര്‍ സീഡിംഗും ഈമാസം 15 വരെ നീട്ടിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് യുഎഎന്‍ ആക്ടിവേഷന്, ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവ ചെയ്യണമെന്നാണ് ഇപിഎഫ്ഒ പറയുന്നത്.
എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീമിന്റെ പ്രയോജനം ലഭിക്കുന്നതിന് നടപ്പു സാമ്പത്തികവര്‍ഷം പുതുതായി ജോലിയില്‍ ചേര്‍ന്ന എല്ലാ ജീവനക്കാരും ഇതു ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് ഇപിഎഫ്ഒ അഭ്യർഥിച്ചു.
പുതിയ ജീവനക്കാരെ നിയമിച്ചാല്‍ അവരുടെ പ്രോവിഡന്റ് ഫണ്ടില്‍ ഉടമ നല്കുന്ന വിഹിതം രണ്ടു വര്‍ഷം സര്‍ക്കാര്‍ നല്‍കുന്നതാണ് ഇഎല്‍ഐ പദ്ധതി. 3,000 രൂപ വരെയാണ് അനുവദിക്കുക. രാജ്യത്ത് 50 ലക്ഷം പേര്‍ക്കു പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു രാജ്യത്തെ സമ്പദ്ഘടനയ്ക്കും കരുത്താകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.