പ്രസംഗത്തിൽ അമേരിക്കയെ കുറ്റപ്പെടുത്താൻ ഹസീന ആഗ്രഹിച്ചു
Monday, August 12, 2024 2:31 AM IST
ന്യൂഡൽഹി: ബംഗ്ലാദേശ് കലാപത്തിൽ അമേരിക്കയ്ക്കു പങ്കുണ്ടെന്നാരോപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷേഖ് ഹസീന തയാറെടുത്തിരുന്നുവെന്നു റിപ്പോർട്ട്. വിദ്യാർഥിപ്രക്ഷോഭകർ വസതിയുടെ പടിവാതിൽക്കലെത്തിയ പശ്ചാത്തലത്തിൽ ഹസീന പ്രസംഗം ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലുള്ള ഹസീന തന്റെ അടുപ്പക്കാരോട് പ്രസംഗത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിന്റെ തെക്കേ അറ്റമായ സെന്റ് മാർട്ടിൻ ദ്വീപിന്റെ പരമാധികാരം അമേരിക്കയ്ക്കു വിട്ടുകൊടുത്തിരുന്നെങ്കിൽ ഇപ്പോഴും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തുടരാമായിരുന്നുവെന്നു പ്രസംഗിക്കാൻ ഹസീന ആഗ്രഹിച്ചിരുന്നു. പ്രക്ഷോഭത്തിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനാണു പ്രധാനമന്ത്രിപദം രാജിവച്ച് രാജ്യത്തുനിന്നു കടന്നത്. ഉടൻതന്നെ ബംഗ്ലാദേശിലേക്കു മടങ്ങിയെത്തുമെന്ന് അവാമി ലീഗ് പാർട്ടി നേതൃത്വത്തോടു പറയാനും ഹസീന ആഗ്രഹിച്ചിരുന്നു.
ഭരണകാലത്ത് ഹസീനയും അമേരിക്കയും തമ്മിലുള്ള ബന്ധം സുഗമമായിരുന്നില്ല. ബംഗ്ലാദേശിൽ വ്യാപകമായി മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഹസീന അഞ്ചാമതും പ്രധാനമന്ത്രിയായ ജനുവരിയിലെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പറഞ്ഞിരുന്നു.
അതേസമയം, ബംഗ്ലാദേശും മ്യാൻമറും ചേർത്ത് ക്രിസ്ത്യൻ രാജ്യം രൂപവത്കരിക്കാനാണ് വെള്ളക്കാർ ശ്രമിക്കുന്നതെന്നു ഹസീന ആരോപിച്ചിരുന്നു. ഒരു പ്രത്യേക രാജ്യത്തിനു ബംഗ്ലാദേശിൽ വ്യോമതാവളം പണിയാൻ അനുമതി നൽകിയിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്നും അടുത്തിടെ പറഞ്ഞിരുന്നു.