പരശുറാം കല്യാൺ ബോർഡ് ഓഫർ; നാല് കുട്ടികളുള്ള ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം !
Tuesday, January 14, 2025 2:01 AM IST
ഇൻഡോർ: നാലു കുട്ടികൾക്ക് ജന്മം നൽകുന്ന യുവ ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പരശുറാം കല്യാൺ ബോർഡ് അധ്യക്ഷൻ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ് പരശുറാം കല്യാൺ ബോർഡ്.
സനാതൻ ബ്രാഹ്മൺ സമുദായത്തിലെ വിവാഹപ്രായമായ യുവതി യുവാക്കൾക്കായുള്ള സമ്മേളനത്തിലായിരുന്നു പണ്ഡിറ്റ് വിഷ്ണു രജോരിയയുടെ പ്രഖ്യാപനം. നല്ല ജോലിയുണ്ടെങ്കിലും ദമ്പതിമാർക്ക് ഒരു കുട്ടി മാത്രമുണ്ടാകുന്നതു നല്ലതല്ലെന്ന് വിഷ്ണു രജോരിയ പറഞ്ഞു.
സനാതന സമുദായത്തിൽ നാലു കുട്ടികളുള്ളവർക്ക് പരശുറാം കല്യാൺ ബോർഡ് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. അത് അക്കാലത്തെ ബോർഡ് പ്രസിഡന്റ് നൽകും- അദ്ദേഹം ചടങ്ങിൽ പറഞ്ഞു.
വീഡിയോ വൈറലായതോടെ താൻ വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്ന് പറഞ്ഞു രജോരിയ തടിതപ്പി. സമ്മാനത്തുക സ്വന്തം നിലയിലോ സമൂഹത്തിന്റെ പിന്തുണയോടെയോ ക്രമീകരിക്കുമെന്ന് രജോരിയ അവകാശപ്പെട്ടു.
സംസ്ഥാന ബിജെപി സർക്കാർ ഇതിനായി ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.