ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജി
Tuesday, January 14, 2025 3:08 AM IST
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ.
ഇദ്ദേഹത്തിന്റെ പേര് ജനുവരി ഏഴിന് സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തിരുന്നു. ഇന്നലെ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ജസ്റ്റീസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്. ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേൽക്കുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ് ജസ്റ്റീസ് വിനോദ് ചന്ദ്രൻ.