ഖനി അപകടം: രക്ഷാപ്രവർത്തനം എട്ടു ദിവസം പിന്നിട്ടു
Tuesday, January 14, 2025 3:08 AM IST
ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ജില്ലയിലുള്ള ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്നലെ എട്ടു ദിവസം പിന്നിട്ടെങ്കിലും പ്രതീക്ഷകൾ മങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
അഞ്ചു പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. കോൾ ഇന്ത്യയും ഒഎൻജിസിയും നൽകിയ പ്രത്യേക പന്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നാല് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റിംഗ് വെഹിക്കിൾ ഖനിയുടെ ഉള്ളിലേക്കു വിട്ട് കുടുങ്ങിക്കിടക്കുന്നവരുടെ ചിത്രങ്ങൾ പകർത്താനും ശ്രമിക്കുന്നുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ശക്തമായ രീതിയിൽ നിയമങ്ങൾ നടപ്പാക്കാത്തതു മൂലം അനധികൃത ഖനനം ആസാമിൽ വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചു.