മഹാകുംഭമേളയ്ക്കു തുടക്കം; ആദ്യദിനം 60 ലക്ഷം പേർ സ്നാനം ചെയ്തു
Tuesday, January 14, 2025 3:08 AM IST
മഹാകുംഭനഗർ (ഉത്തർപ്രദേശ്): പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ തുടക്കമായി.
45 ദിവസം നീളുന്ന കുംഭമേളയിൽ പാപപരിഹാരവും മോക്ഷവും തേടി 40 കോടിയിലേറെ ആളുകൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. ഗംഗ, യമുന നദികളുടെയും പുരാണത്തിലെ സരസ്വതി നദിയുടെയും സംഗമഭൂമിയായ മഹാകുംഭനഗറിൽ നടന്ന പൗഷ് പൂർണിമ സ്നാനത്തിൽ ഇന്നലെ രാവിലെ 9.30 വരെ 60 ലക്ഷം പങ്കെടുത്തുവെന്ന് യുപി സർക്കാർ അറിയിച്ചു.
കനത്ത മഞ്ഞിനെയും കൊടുംതണുപ്പിനെയും അവഗണിച്ച് ജയ് ശ്രീറാം, ഹർ ഹർ മഹാദേവ, ജയ് ഗംഗാ മയ്യാ തുടങ്ങിയ പ്രാർഥനകളോടെ സംഘം ചേർന്നാണ് ഭക്തർ സ്നാനത്തിനായി ത്രിവേണീ സംഗമത്തിലേക്ക് നീങ്ങുന്നത്. മകരസംക്രാന്തി ദിനമായ ഇന്ന് മൂന്നു കോടി പേർ എത്തുമെന്നാണു കണക്കാക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 13 അഘോരകളിലെ സന്യാസിമാരാണ് മേളയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.
പ്രയാഗ്രാജിലെ പതിനായിരത്തിലധം ഏക്കർ വിസ്തൃതിയിലുള്ള മഹാകുംഭനഗറിൽ കനത്ത സുരക്ഷയിലാണു ചടങ്ങുകൾ. മുപ്പതിനായിരത്തിലധികം പോലീസുകാരെയാണു സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ എന്‍ഡിആര്‍എഫും കേന്ദ്രസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എഐ ക്യാമറകളും വെള്ളത്തിനടിയില്‍ പരിശോധന നടത്താന്‍ ഡ്രോണുകളുമുള്‍പ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിനു പുറമേ സജ്ജമാക്കിയിട്ടുണ്ട്.
കുംഭമേളയിലെ ജനപങ്കാളിത്തം കാലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സാസ്കാരിക ഒത്തുചേരലിനാണ് തുടക്കമായിരിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.