റോഡപകടം: അടിയന്തര സഹായം നൽകുന്നവർക്കുള്ള പ്രതിഫലം ഉയർത്തും
Tuesday, January 14, 2025 3:08 AM IST
ന്യൂഡൽഹി: റോഡപകടത്തിൽപ്പെട്ടവരെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. റോഡ് സുരക്ഷയെക്കുറിച്ച് നടൻ അനുപം ഖേറുമായി നടത്തിയ ടെലിവിഷൻ സംഭാഷണത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന പദ്ധതി 2021 മുതലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്. എന്നാൽ ഈ തുക മതിയാകില്ലെന്നും പാരിതോഷികം വർധിപ്പിക്കാനുള്ള നിർദേശം മന്ത്രാലയത്തിനു കൈമാറിയതായും ഗഡ്കരി വ്യക്തമാക്കി.
മിക്ക കേസുകളിലും അപകടം സംഭവിച്ച് ആദ്യ ഒരു മണിക്കൂറിൽ അപകടത്തിൽപ്പെട്ട ആളെ ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാമെന്ന കണ്ടെത്തലാണു പാരിതോഷികം വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര വൈദ്യസഹായം കിട്ടാതെ നിരവധി ജീവനുകൾ റോഡിൽ പൊലിയുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ "നല്ല സമറായൻ' എന്ന വിശേഷണമാണു റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് നൽകിയിരിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ സ്വമേധയാ സഹായം നൽകുന്നവരെന്ന വിശേഷണവും ഇവർക്കു നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വ്യത്യസ്ത തലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ് പ്രതിഫലം നൽകുന്നത്. അതേസമയം പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ എത്രപേർക്കു പ്രതിഫലം നൽകിയെന്ന വിവരം വ്യക്തമല്ല.
നേരത്തെ റോഡപകടത്തിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറിൽ 1,50,000 രൂപ ചികിത്സാസഹായം നൽകുന്ന പദ്ധതി വ്യക്തത വരുത്തി അവതരിപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മാർച്ച് അവസാനത്തോടെ പദ്ധതി വിശദീകരിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.