അതിഷിയുടെ പത്രികാ സമർപ്പണം ഇന്ന് ; ഡൽഹിയിൽ പ്രചാരണം കൊഴുക്കുന്നു
Tuesday, January 14, 2025 2:01 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി അതിഷിയുടെ പത്രികാ സമർപ്പണം ഇന്നത്തേക്കു മാറ്റി. സമയം വൈകിയതിനെത്തുടർന്നാണ് പത്രികാ സമർപ്പണം ഇന്നത്തേക്കു മാറ്റിയത്.
ഇന്നലെ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരുന്ന അതിഷി രാവിലെ കൽക്കാജി ക്ഷേത്രവും ഗുരുദ്വാരയും സന്ദർശിച്ചിരുന്നു. തുടർന്ന് ആംആദ്മി നേതാവും മുൻമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കൊപ്പം റോഡ് ഷോ നടത്തിയശേഷം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിൽ നാമനിർദേശപത്രിക സമർപ്പിക്കാനായിരുന്നു തീരുമാനം.
ഇതിനിടെ, വോട്ടർ പട്ടികയിൽ ബിജെപി കൃത്രിമം കാട്ടിയതുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ആംആദ്മി ഉന്നത നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് പോകേണ്ടിവന്നു. തിരിച്ചെത്തിയപ്പോൾ ഉച്ചകഴിഞ്ഞു മൂന്ന് പിന്നിട്ടതോടെ പത്രികാസമർപ്പണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ തവണ ദക്ഷിണ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തിൽനിന്ന് 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അതിഷി ഇത്തവണയും ഇതേ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. 2014 മുതൽ 2024 വരെ സൗത്ത് ഡൽഹി മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി എംപി രമേഷ് ബിധുരിയാണ് എതിർസ്ഥാനാർഥി.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹിയിൽ എല്ലാ പാർട്ടികളും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവിനായി ആം ആദ്മി സംഘടിപ്പിക്കുന്ന ക്രൗഡ് ഫണ്ടിംഗ് കാന്പയിന് ജനങ്ങൾ പൂർണ പിന്തുണയാണു നൽകുന്നതെന്ന് അതിഷി പ്രതികരിച്ചു.
കാന്പയിൻ പ്രഖ്യാപിച്ച് ആദ്യ ദിവസം പിന്നിടുന്പോൾ 335 ലധികം ആളുകളിൽനിന്ന് 17 ലക്ഷത്തിലധികം രൂപയാണു സംഭാവനയായി ലഭിച്ചത്. ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസമാണ് ഇതിലൂടെ തെളിയുന്നതെന്നും അതിഷി വ്യക്തമാക്കി. എന്നാൽ എഎപിയുടെ ക്രൗഡ് ഫണ്ടിംഗ് ഉറവിടം പുറത്തുവിടണമെന്നും പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.