“മണിപ്പുരിൽ അക്രമവും സമാധാനശ്രമവും തുടരുന്നു”; വാർഷിക പത്രസമ്മേളനത്തിൽ കരസേന മേധാവി
Tuesday, January 14, 2025 3:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ അക്രമസംഭവങ്ങളും സമാധാനത്തിനായുള്ള പ്രവർത്തനങ്ങളും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
മണിപ്പുരിലെ ചിതറിപ്പോയ വിവിധ സമുദായക്കാരായ പോലീസുമായും ഗോത്രവിഭാഗക്കാരുടെ ശക്തമായ ബന്ധങ്ങളും മനസിലാക്കിയാണു സൈന്യം പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പുർ സംഘർഷത്തിന്റെ ബാഹ്യമാനങ്ങൾ തള്ളിക്കളയുന്നില്ലെന്നും സൈനികദിനത്തിനു മുന്നോടിയായുള്ള വാർഷിക പത്രസമ്മേളനത്തിൽ സൈനികമേധാവി പറഞ്ഞു.
മണിപ്പുരിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. എന്നാൽ സമാധാനം കൊണ്ടുവരാൻ സുരക്ഷാസേന പ്രവർത്തിക്കുന്നു. മ്യാൻമർ അതിർത്തിയിൽ കൂടുതൽ നിരീക്ഷണവും സൈനിക ആധിപത്യവും തുടരുകയാണ്. മ്യാൻമർ അതിർത്തിയിലെ മുള്ളുവേലി കെട്ടലും പുരോഗമിക്കുകയാണ്. മ്യാൻമർ സൈന്യവുമായി വിമത ഗ്രൂപ്പുകൾ യുദ്ധം ചെയ്യുന്നുവെന്ന അവകാശവാദം ഉൾപ്പെടെയുള്ള കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്- ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പുതിയ ഗവർണറുമായി (മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല) യോജിച്ചു പ്രവർത്തിക്കുന്നതിൽ സൈന്യം വളരെ പ്രതീക്ഷയിലാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിലേക്കുള്ള നടപടികൾ സ്വീകരിക്കും.
മണിപ്പുരിൽ സുരക്ഷാസേനകൾക്കിടയിൽ ഏകോപനമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സേനകൾക്കിടയിൽ ഏകോപനത്തിന് ഒരു കുറവുമില്ല. എന്നാൽ ഏതു വശം എവിടെയാണെന്നു മനസിലാക്കണം.
2023 മേയ് മാസത്തിൽ ഈ പ്രശ്നം ഉണ്ടായപ്പോൾ, വിവിധ സമുദായങ്ങളിൽനിന്നുള്ള പോലീസുകാർക്ക്, ഇതര സമുദായ മേഖലകളിലേക്കു പോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. അതിനാൽ, ഏതു സമുദായത്തിൽപ്പെട്ടവരായാലും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോകണമെന്ന് ഡിജിപി ഉത്തരവിട്ടിരുന്നു.
ഇതുമൂലം പല പോലീസുകാരും അവിടുത്തെ ലഭ്യമായ ചുമതലകൾ ഏറ്റെടുക്കുകയായിരുന്നു. ചിതറിക്കിടക്കുന്ന പ്രാദേശിക പോലീസ് സേനയും മേഖലയിലെ ശക്തമായ ഗോത്രബന്ധങ്ങളും മനസിലാക്കിയാണു സൈന്യം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കരസേനാ മേധാവി പറഞ്ഞു.
സൈന്യവും ആസാം റൈഫിൾസും കേന്ദ്ര സായുധ പോലീസ് സേനയും തമ്മിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. അവർ ഏതു മേഖലയിലായാലും അവരുമായി സൈന്യം ഏകോപനം നടത്തുന്നുണ്ട്. ഈ മൂന്ന് ഏജൻസികൾക്കു മാത്രമാണ് ഏകോപനം നൽകാൻ കഴിയുന്നത്. സംസ്ഥാനത്തെ മെയ്തെയ്, കുക്കി വിഭാഗങ്ങൾ ഭൂമിശാസ്ത്രപരമായി പോലും വിഭജിക്കപ്പെട്ടു.
മെയ്തെയ്കൾ താഴ്വരയിലും കുക്കികൾ കുന്നുകളിലും തന്പടിച്ചാണു പോര് തുടരുന്നത്. പോലീസ് സേനയിലും മെയ്തെയ്- കുക്കി വിഭജനം പ്രതിഫലിച്ചിട്ടുണ്ട്. കുക്കി പോലീസുകാരെ മലനിരകളിലെ പോലീസ് സ്റ്റേഷനുകളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
മെയ്തെയ് പോലീസുകാർ താഴ്വരയിലെ പോലീസ് സ്റ്റേഷനുകളിലാണ്. പോലീസുകാരുടെ വ്യക്തിഗത വംശീയ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതപരമായ ആരോപണങ്ങളും എവിടെയുമുണ്ട്.
എന്നിരുന്നാലും, മണിപ്പുരിലെ സംഘർഷത്തിന്റെ ബാഹ്യമാനങ്ങളും തള്ളിക്കളയാനാകില്ലെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. മ്യാൻമറിന്റെ ഭാഗത്ത് ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മ്യാൻമർ സൈന്യവുമായി വിമത ഗ്രൂപ്പുകൾ ഏറ്റുമുട്ടുന്നു.
തത്ഫലമായി, കുടിയേറ്റം നടക്കുന്നതിനാൽ അഭയാർഥിപ്രവാഹമുണ്ട്. സൈനികരും അഭയം തേടിയെത്തുന്നു. ഇവിടെയെത്തുന്ന എല്ലാവരെയും അഭയാർഥികളായി കണക്കാക്കി അർഹമായ ബഹുമാനവും പരിഗണനയും താമസസ്ഥലവും നൽകുന്നത് ഇന്ത്യൻ സൈന്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ജനറൽ ദ്വിവേദി വ്യക്തമാക്കി.
കാഷ്മീർ ഭീകരരിൽ 80% പാക്കിസ്ഥാനികൾ
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സജീവമായ 80 ശതമാനം ഭീകരരും പാക്കിസ്ഥാനികളാണെന്നും കൊല്ലപ്പെട്ട ഭീകരരിൽ 60 ശതമാനവും പാക്കിസ്ഥാൻ പൗരന്മാരുമാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ചൈനീസ് അതിർത്തിയിലടക്കം യഥാർഥ നിയന്ത്രണരേഖയിലെ സ്ഥിതി സങ്കീർണമാണെങ്കിലും സുസ്ഥിരമാണെന്നും അദ്ദേഹം അറിയിച്ചു.
ചൈനയുമായുള്ള വടക്കൻ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസം സന്തുലിതവും ശക്തവുമാണ്. ഏതു സ്ഥിതിയും നേരിടാൻ സൈന്യം സജ്ജമാണ്. മേഖലയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് മേഖലകളിലെ സ്ഥിതിഗതികൾ പരിഹരിച്ചതായി കരസേനാ മേധാവി അറിയിച്ചു. ദേശീയ സുരക്ഷയിലും രാഷ്ട്രനിർമാണത്തിലും സമൂഹമാധ്യമങ്ങൾ അടക്കമുള്ള മാധ്യമങ്ങളും സുരക്ഷാസേനയും യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.
നിയന്ത്രണ രേഖയിലെ സ്ഥിതി സന്തുലിതവും കരുത്തുറ്റതുമാണ്. ഏതു യുദ്ധസാഹചര്യവും നേരിടാനാകുന്ന തരത്തിൽ സാങ്കേതികവും സൈനികവുമായ ശേഷി കൈവരിച്ചിട്ടുണ്ടെന്നും സൈനിക മേധാവി അറിയിച്ചു.ജമ്മുകാഷ്മീരിലെ സ്ഥിതിഗതികൾ മൊത്തത്തിൽ നിയന്ത്രണത്തിലാണെന്നും എങ്കിലും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.