ജമ്മുകാഷ്മീരിലെ സോനാമാർഗ് തുരങ്കം തുറന്നു
Tuesday, January 14, 2025 3:08 AM IST
ശ്രീനഗർ/സോനമാർഗ്: ജമ്മു കാഷ്മീരിലെ തന്ത്രപ്രധാനമായ സോനമാർഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം തുരങ്കത്തിനുള്ളില്‍ കയറിയ പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായും നിര്‍മാണത്തൊഴിലാളികളുമായും സംസാരിച്ചു.
ജമ്മുകാഷ്മീർ രാജ്യത്തിന്റെ കിരീടമാണെന്നും അതിനെ കൂടുതൽ മനോഹരവും സമൃദ്ധവുമാക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിലെ ബുദ്ധിമുട്ടേറിയ ദിനങ്ങൾക്കു പകരമായി വികസനചരിത്രത്തിൽ സംസ്ഥാനം പുതിയൊരധ്യായം എഴുതിച്ചേർക്കുകയാണ്. ജനങ്ങൾക്കു നൽകിയ മുഴുവൻ വാഗ്ദാനങ്ങളും കേന്ദ്രസർക്കാർ നിറവേറ്റിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അഭ്യർഥനയെക്കുറിച്ച് ചോദിച്ചപ്പോൾ അതു വാഗ്ദാനം ചെയ്യപ്പെട്ടതാണെങ്കിൽ നിറവേറ്റുമെന്നു മോദി വ്യക്തമാക്കി. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ശരിയായ സമയത്ത് ശരിയായ കാര്യം നടക്കും- അദ്ദേഹം പറഞ്ഞു.
2,700 കോടി രൂപ ചെലവിൽ നിർമിച്ച ഇസെഡ് മോര് ടണല്‍ എന്നും അറിയപ്പെടുന്ന തുരങ്കത്തിന്റെ ദൈർഘ്യം 6.5 കിലോമീറ്ററാണ്. രണ്ടുവരി പാതയാണ് തുരങ്കത്തിൽ ഒരുക്കിയിരിക്കുന്നത്.
മധ്യകാഷ്മീരിലെ ഗന്ദര്‍ബാലിൽ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയിലാണു തുരങ്കം. സമാന്തരമായി 7.5 മീറ്റര്‍ വീതിയുള്ള സുരക്ഷാപാതയും നിർമിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും ഹിമപാതവും മൂലം ബുദ്ധിമുട്ടിലാകുന്ന വാഹനഗതാഗതം ഇതോടെ സുഗമമാകും.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണു കാഷ്മീരിലെത്തുന്നത്. ശ്രീനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗന്ദർബാലിലെ സോനമാർഗിൽ പ്രധാനമന്ത്രി എത്തിയത്.
കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി, ലഫ് ഗവർണർ മനോജ് സിൻഹ, ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.