ഹിൻഡൻബർഗ് വെളിപ്പെടുത്തൽ: പാർലമെന്റ് സംയുക്തസമിതി അന്വേഷിക്കണം: കോണ്ഗ്രസ്
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെൽ കന്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ വെളിപ്പെടുത്തൽ പാർലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോണ്ഗ്രസ്. അദാനിയുടെ ഓഹരിത്തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിൽ "സെബി' കാണിക്കുന്ന വിമുഖത സുപ്രീംകോടതിയുടെ വിദഗ്ധസമിതി വരെ ചൂണ്ടിക്കാട്ടിയതാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്കും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും പങ്കുള്ളതും ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ളതുമായ ഓഫ്ഷോർ ഫണ്ടുകളിൽ സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ വെളിപ്പെടുത്തലുകൾ കാണിക്കുന്നു.
മാധബി പുരി ബുച്ച് സെബി ചെയർപേഴ്സണായതിന് പിന്നാലെ അദാനി രണ്ട് തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയതും ഈ അവസരത്തിൽ പുതിയ ചോദ്യങ്ങളുയർത്തുന്നു.
അദാനി അഴിമതിയിൽ സെബി നടത്തുന്ന അന്വേഷണത്തിലെ എല്ലാ വൈരുധ്യങ്ങളും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം. രാജ്യത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിയാരോപണത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ പാർലമെന്റിന്റെ സംയുക്ത സമിതി രൂപീകരിക്കണമെന്നും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "അദാനി മെഗാ കുംഭകോണം' എന്നാണ് ഹിൻഡെൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
ഇതാണ് അദാനിയുടെ യഥാർഥ ശൈലി എന്നാണ് തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര സമൂഹമാധ്യമവുമായ എക്സിൽ കുറിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പ് കന്പനികളിൽ വിദേശത്തുനിന്ന് വൻതോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശനിക്ഷേപക സ്ഥാപനങ്ങളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണം. ഇവർക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി വിസിൽബ്ലോവർ രേഖകളും പുറത്തുവിട്ടിരുന്നു.