ഹിൻഡൻബർഗ് ആരോപണം തള്ളി സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും
സ്വന്തം ലേഖകൻ
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്റെ ആരോപണം തള്ളി സെബി ചെയർപേഴ്സണ് മാധബി പുരി ബുച്ച്. തന്റെയും ഭർത്താവിന്റെയും ജീവിതവും സാന്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയാറാണെന്നും മാധബി ബുച്ച് പ്രതികരിച്ചു. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ ശക്തമായി എതിർക്കുന്നുവെന്നും വ്യക്തിഹത്യയാണ് അവർ ചെയ്യുന്നതെന്നും ബുച്ച് പ്രതികരിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരേ അദാനി ഗ്രൂപ്പും രംഗത്തു വന്നിട്ടുണ്ട്. ലാഭം കൊയ്യുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച നിഗമനത്തിൽ എത്തിച്ചേരുകയാണ് ഹിൻഡൻബർഗ് ചെയ്യുന്നതെന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ അദാനി ഗ്രൂപ്പ് ഹിൻഡൻബർഗിന്റെ അവകാശങ്ങൾ നികൃഷ്ടവും കൃത്രിമവുമാണെന്നും ആരോപിച്ചു.
സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്. സെബി മേധാവിയുമായോ അവരുടെ ഭർത്താവുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അമേരിക്കൻ കന്പനി നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.