സെബി ചെയർപേഴ്സൺ രാജിവയ്ക്കാത്തത് എന്തുകൊണ്ട്: രാഹുൽ
സ്വന്തം ലേഖകൻ
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടാൽ സെബി ചെയർപേഴ്സണോ പ്രധാനമന്ത്രിയോ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പിനും എതിരേ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും കടുത്ത ആരോപണങ്ങൾ നേരിട്ടിട്ടും എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് ഇതുവരെ രാജിവയ്ക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആവശ്യപ്പെടുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇത്രയധികം ഭയപ്പെടുന്നതെന്നും അത് വെളിപ്പെടുത്തുന്നത് എന്താണെന്ന് ഇപ്പോൾ വ്യക്തമാണെന്നും രാഹുൽ പറഞ്ഞു. ഗൗരവകരമായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഒരിക്കൽകൂടി സിപ്രീംകോടതി വിഷയം പരിശോധിക്കുമോയെന്നും രാഹുൽ ചോദിച്ചു. സെബിയുടെ ചെയർ പേഴ്സനെതിരേ വന്നിരിക്കുന്ന ആരോപണങ്ങൾ മൂലം സെബിയുടെമേൽ സാധാരണക്കാർക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടന്നും രാഹുൽ പ്രതികരിച്ചു.