എഎപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതൃത്വം നൽകാൻ സിസോദിയ
സ്വന്തം ലേഖകൻ
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക്. മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാൾ ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് സിസോദിയ പ്രചാരണ ചുമതലയുടെ തലപ്പത്തേക്ക് എത്തുന്നത്.
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ സിസോദിയ 17 മാസങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങുന്നത്. ഭരണഘടനയുടെ പിന്തുണയോടെ കേജരിവാളും തന്നെപോലെ ജയിൽ മോചിതനാകുമെന്ന് സിസോദിയ കഴിഞ്ഞദിവസം പ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞിരുന്നു. പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും കേജരിവാളിന്റെ മോചനമടക്കമുള്ള വിഷയങ്ങളിൽ വ്യക്തതവരുത്താൻ പാർട്ടി അംഗങ്ങളുടെ യോഗം ഇന്നലെ വൈകുന്നേരം സിസോദിയയുടെ വസതിയിൽ ചേർന്നിരുന്നു.
ഹരിയാനയിൽ ഈ വർഷം അവസാനത്തോടെയും ഡൽഹിയിൽ അടുത്ത വർഷം ആദ്യത്തോടെയും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിയാനയിലും ഡൽഹിയിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഹരിയാനയിൽ 90ഉം ഡൽഹിയിൽ 70ഉം സീറ്റുകളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് സിസോദിയ. വിദ്യാഭ്യാസം, ധനകാര്യം, വിജിലൻസ് തുടങ്ങി പതിനെട്ടോളം നിർണായക വകുപ്പുകളാണ് ജയിലിലാകുന്നതിന് മുന്‍പ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. 2023 ഫെബ്രുവരിയിൽ അദ്ദേഹം മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു.