മുൻ വിദേശകാര്യ മന്ത്രി കെ. നട്വർ സിംഗ് അന്തരിച്ചു
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: മുൻ വിദേശകാര്യമന്ത്രി കെ. നട്വർ സിംഗ്(93) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന സിംഗിന്റെ അന്ത്യം ഡൽഹിക്കു സമീപം ഗുരുഗ്രാമിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു. മൻമോഹൻ സിംഗ് നേതൃത്വം നല്കിയ ഒന്നാം യുപിഎ സർക്കാരിലാണ് നട്വർ സിംഗ് വിദേശകാര്യമന്ത്രിയായിരുന്നത്. 1984ൽ പദ്മഭൂഷൺ നല്കി രാജ്യം നട്വർ സിംഗിനെ ആദരിച്ചു.
പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഭരത്പുരിൽ 1931ലാണ് നട്വർ സിംഗ് ജനിച്ചത്. 1953ൽ ഇന്ത്യൻ ഫോറിൻ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ ഐഎഫ്എസിൽനിന്നു രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി.
ആ വർഷം രാജസ്ഥാനിലെ ഭരത്പുരിൽനിന്നു ലോക്സഭയിലേക്കു വിജയിച്ചു. 1989 വരെ രാജീവ്ഗാന്ധി സർക്കാരിൽ സഹമന്ത്രിയായിരുന്നു. ഇടക്കാലത്ത് നേതൃത്വവുമായി തെറ്റി കോൺഗ്രസ് വിട്ടു. സോണിയഗാന്ധി കോൺഗ്രസ് അധ്യക്ഷയായതോടെ പാർട്ടിയിൽ തിരിച്ചെത്തി.
2004ൽ മൻമോഹൻ സർക്കാരിൽ വിദേശകാര്യമന്ത്രിയായി. 18 മാസത്തിനുശേഷം രാജിവച്ചു. എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയെക്കുറിച്ചുള്ള വോൾക്കർ അന്വേഷണ റിപ്പോർട്ടിൽ പേരു വന്നതോടെയാണു മന്ത്രിസ്ഥാനം രാജിവച്ചത്. വൈകാതെ അദ്ദേഹം കോൺഗ്രസ് വിട്ടു. സോണിയഗാന്ധി തന്നെ പിന്തുണയ്ക്കാത്തതിൽ നട്വർ സിംഗിനു പരിഭവമുണ്ടായിരുന്നു.
2008ൽ നട്വർ സിംഗും മകൻ ജഗത്തും ബിഎസ്പിയിൽ ചേർന്നു. അച്ചടക്കലംഘനത്തിന്റെ പേരിൽ നാലു മാസത്തിനകം ബിഎസ്പിയിൽനിന്നു പുറത്താക്കപ്പെട്ടു. ജഗത് ഇപ്പോൾ ബിജെപി അംഗമാണ്.
ദ ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഇസ് നോട്ട് ഇനഫ്(ആത്മകഥ) എന്നിവയടക്കം നിരവധി പുസ്തകങ്ങൾ നട്വർ സിംഗ് രചിച്ചിട്ടുണ്ട്.