ഡോക്ടറെ മാനഭംഗപ്പെടുത്തി വധിച്ചുവെന്ന കേസ്: പ്രതിക്കെതിരേ ശക്തമായ തെളിവുകൾ
Monday, August 12, 2024 1:25 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ 31കാരിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയി മുന്പും സ്ത്രീകൾക്കെതിരേ മോശമായി പെരുമാറിയിരുന്നതായി പോലീസ്.
പുറത്തുനിന്നുള്ളയാളാണെങ്കിലും പോലീസിന്റെ സിവിൽ വൊളണ്ടിയർ ആയിരുന്നതിനാൽ ആശുപത്രിയിലെ എല്ലാ വകുപ്പുകളിലും കയറിയിറങ്ങാൻ പ്രതിക്കു കഴിഞ്ഞിരുന്നുവെന്നും ഇതാണു കൊടുംക്രൂരതയ്ക്കു സഹായകരമായതെന്ന വിമർശനവും ഉയരുന്നുണ്ട്.
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ നെഞ്ചുരോഗവിഭാഗം പി ജി വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ കോളജിലെ സെമിനാർ ഹാളിനുള്ളിലാണു മൃതദേഹം കണ്ടെത്തിയത്. മൂക്കിലും കണ്ണിലുമുൾപ്പെടെ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ കോൽക്കത്തയിൽ മാത്രമല്ല ഡൽഹിയുൾപ്പെടെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും വൻ പ്രതിഷേധം ഉയർന്നു.
പ്രതിക്കെതിരേ ശക്തമായ തെളിവുകൾ ലഭിച്ചുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവദിവസം പ്രതി മദ്യപിച്ചിരുന്നതായും കണ്ടെത്തി. കൊൽക്കത്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ 23 വരെ കോടതി റിമാൻഡ് ചെയ്തു. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൊലപാതകത്തിന്റെ രീതി സ്ഥിരീകരിക്കുമെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിയ പ്രതി സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്ന ഡോക്ടറെ മാനഭംഗപ്പെടുത്തുകയായിരുന്നു. ചെറുത്തുനിൽക്കാൻ ഡോക്ടർ ശ്രമിച്ചതാണു ശരീരത്തിലെ പരിക്കുകൾ വ്യക്തമാക്കുന്നത്.