അനന്ത്നാഗ് ഏറ്റുമുട്ടൽ: പരിക്കേറ്റ നാട്ടുകാരൻ മരിച്ചു
Monday, August 12, 2024 1:25 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ വിദൂര വനമേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ നാട്ടുകാരൻ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ആക്രമണശേഷം വനമേഖലയിൽ ഒളിച്ച ഭീകരരെ തുരത്താൻ കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചു. ഭീകരസംഘത്തിൽ നാലു പേരുണ്ടാകുമെന്നാണു നിഗമനം. സമുദ്രനിരപ്പിൽനിന്ന് 10,000 അടി ഉയരത്തിലുള്ള അഹ്ലാൻ ഗഗാർമണ്ഡു വനമേഖലയിലായിരുന്നു സൈനികരും ഭീകരരും ഏറ്റുമുട്ടിയത്. പരിക്കേറ്റ ഒരു സൈനികനും ഒരു നാട്ടുകാരനും ചികിത്സയിലാണ്. ഇന്നലെ മരിച്ച നാട്ടുകാരനും ചികിത്സയിലുള്ളയാളും ഭീകരപ്രവർത്തനത്തിൽ പങ്കാളിയാണോ എന്ന് അന്വേഷിക്കുമെന്ന് കാഷ്മീർ സോൺ പോലീസ് ഐജി വി.കെ. ബിർദി പറഞ്ഞു.