ലൊകാർണോ കരിയർ അച്ചീവ്മെന്റ് പുരസ്കാരം സ്വീകരിച്ച് ഷാരൂഖ്
Monday, August 12, 2024 1:25 AM IST
ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലെ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന് കരിയർ അച്ചീവ്മെന്റ് പുരസ്കാരം. സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾക്കാണ് പുരസ്കാരം. ആദ്യമായാണ് ഇന്ത്യൻ ചലച്ചിത്രതാരത്തിന് ലൊകാർണോ കരിയർ അച്ചീവ്മെന്റ് പുരസ്കാരം ലഭിക്കുന്നത്.
പിയാസ ഗ്രാൻഡെ സ്ക്വയറിൽ നടന്ന ചടങ്ങിൽ ഷാരൂഖ് ഖാൻ പുരസ്കാരം ഏറ്റുവാങ്ങി. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള കലയാണ് സിനിമയെന്ന് ഷാരൂഖ് പറഞ്ഞു. മനുഷ്യനിർമിതമായ എല്ലാ അതിർവരമ്പുകളും ഭേദിച്ച് സിനിമ വിമോചനത്തിന്റെ ഇടമായി മാറുന്നു. അത് രാഷ്ട്രീയമോ, താർക്കികമോ, ധാർമികമോ ആകേണ്ടതില്ല. ഹൃദയത്തിൽനിന്നുള്ള സത്യത്തിന്റെ പ്രകാശനം മാത്രമാണ് കലയും സിനിമയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.