ഹിൻഡൻബർഗ് വെളിപ്പെടുത്തൽ; ‘സെബി’ ചെയർപേഴ്സന് ഷെൽ കമ്പനികളിൽ നിക്ഷേപം
Sunday, August 11, 2024 2:25 AM IST
ന്യൂഡൽഹി: ഇന്ത്യയുമായി ബന്ധപ്പെട്ടു പുതിയ വൻ വെളിപ്പെടുത്തൽ നടത്തി അമേരിക്കൻ നിക്ഷേപ, ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.
നേരത്തെ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
2023 ജനുവരിയിൽ അദാനി ഗ്രൂപ്പിന്റെ വൻ തിരിമറികൾ പുറത്തുകൊണ്ടുവന്ന ഓഹരിവിപണിയിലെ ഷോർട്ട് സെല്ലർ കൂടിയാണ് ഹിൻഡൻബർഗ് റിസർച്ച്.
അദാനി ഗ്രൂപ്പ് വലിയതോതിൽ കൃത്രിമം നടത്തിയെന്നും ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴു കന്പനികളുടെ മൂല്യം പെരുപ്പിച്ചു കാണിച്ചുവെന്നുമുള്ള 2023ലെ റിപ്പോർട്ടിനെത്തുടർന്ന് കന്പനിയുടെ ഓഹരികൾ കുത്തനേ ഇടിഞ്ഞിരുന്നു. അദാനി എന്റർപ്രൈസസിന്റെ പ്രധാന ഓഹരിവില്പനയ്ക്ക് തൊട്ടുമുന്‍പു വന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെത്തുടർന്ന് കന്പനിയുടെ വിപണിമൂല്യത്തിൽ 86 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായിരുന്നു.
മൗറീഷ്യസ്, യുഎഇ, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദാനി കുടുംബവുമായി ബന്ധപ്പെട്ട വ്യാജ (ഷെൽ) കന്പനികൾ വഴിയാണു വിപണിയിൽ അദാനി കന്പനികൾ കൃത്രിമം നടത്തിയതെന്നായിരുന്നു ഹിൻഡൻബർഗിന്റെ കണ്ടെത്തൽ. രണ്ടുവർഷത്തെ അന്വേഷണ ഫലങ്ങൾ ഉൾപ്പെടുത്തിയ 129 പേജുളള റിപ്പോർട്ട് ഇന്ത്യയിലും ആഗോള വിപണികളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചങ്ങാതിയായ അദാനിയുടെ തട്ടിപ്പുകൾക്ക് കേന്ദ്രസർക്കാരിന്റെ ഒത്താശയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചതു രാഷ്ട്രീയമായും കോളിളക്കമുണ്ടാക്കി.
അദാനി ഗ്രൂപ്പുമായി പങ്കാളിത്തമുണ്ടെന്ന് ആരോപണമുള്ള കൊടക് മഹീന്ദ്ര ബാങ്കിനെതിരേ രംഗത്തെത്തിയതിനു പിന്നാലെ ഹിൻഡൻബർഗ് റിസർച്ചിന് ഇന്ത്യയിലെ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നോട്ടീസ് നൽകിയതും വിവാദമായിരുന്നു. ഇന്ത്യൻ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കൻ കന്പനിക്കെതിരേ സെബിയുടെ നോട്ടീസ്. കൊടക് ബാങ്കും അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകൾ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
എന്നാൽ, ഹിൻഡൻബർഗ് റിസർച്ചും ന്യൂയോർക്ക് ഹെഡ്ജ് ഫണ്ട് മാനേജർ മാർക്ക് കിംഗ്ഡനും തമ്മിലുള്ള ബന്ധവും സെബി നോട്ടീസിലുണ്ട്. കൊട്ടക് മഹീന്ദ്ര ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിൽ കാര്യമായ നിക്ഷേപം നടത്തിയിരുന്ന കിംഗ്ഡണ്‍ ക്യാപ്പിറ്റലിന് ഹിൻഡൻബർഗിന്റെ അദാനി റിപ്പോർട്ടിന്റെ പകർപ്പ് മുൻകൂർ ലഭിച്ചതായി സെബി വെളിപ്പെടുത്തി.
ഇതേസമയം, സെബിയുടെ നോട്ടീസ് വിഡ്ഢിത്തമാണെന്നും സൂക്ഷ്മപരിശോധനയിൽനിന്ന് അദാനിയെപ്പോലുള്ള വൻകിട ഇന്ത്യൻ വ്യവസായികളെ സെബി സംരക്ഷിക്കുകയാണെന്നും ഹിൻഡൻബർഗ് ആരോപിച്ചു.