കോൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ; കർക്കശ
നടപടിയെന്ന് മുഖ്യമന്ത്രി മമത
Sunday, August 11, 2024 2:24 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതു മാനഭംഗത്തിനിടെ നടന്ന കൊലപാതകമാണെന്നു പോലീസ്. ആർജെ കാർ മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്.
ഡോക്ടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയുടെ സെമിനാർ ഹാളിൽ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, പുറത്തുനിന്നുള്ളയാളെയാണു പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന ബ്ലൂടൂത്ത് ഇയർഫോണിന്റെ ഏതാനും ഭാഗം മൃതദേഹത്തിനു സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
ആശുപത്രിയിലെ മറ്റൊരിടത്തുനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് പിജി വിദ്യാർഥികളും വനിതാ ഡോക്ടർമാരും പ്രതിയെ തിരിച്ചറിഞ്ഞു. അന്വേഷണസംഘത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണു ചോദ്യംചെയ്യലിൽ ഇയാൾ നടത്തുന്നത്. പ്രതി ഒറ്റയ്ക്കായിരുന്നോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും പ്രതികളായവരെ ആവശ്യമെങ്കിൽ തൂക്കിലേറ്റുമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും.
ദൗർഭാഗ്യകരമായ സംഭവമാണു നടന്നത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
സമഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലർച്ചയോടെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
വനിതാ ഡോക്ടറുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കണ്ണുകളിൽനിന്നും വായിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു.
കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുള്ളതിനാൽ ശ്വാസം മുട്ടിയാണ് മരണമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.