ബംഗ്ലാദേശികളെന്ന് ആരോപണം; യുപിയിലെ ചേരിയിൽ ഹിന്ദു രക്ഷാദൾ ആക്രമണം
Sunday, August 11, 2024 2:24 AM IST
ഷാജഹാൻപുർ (യുപി) : ബംഗ്ലാദേശിൽനിന്ന് നുറഞ്ഞുകയറിയവരെന്ന് ആരോപിച്ച് യുപിയിലെ ഷാജഹാൻപുരിൽ ചേരിനിവാസികളെ ഹൈന്ദവ തീവ്രവാദസംഘം ആക്രമിച്ചു.
ഗുൽധർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ചേരിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് ഹിന്ദു രക്ഷാദൾ പ്രസിഡന്റ് പിങ്കി എന്നറിയപ്പെടുന്ന ഭൂപേന്ദ്ര ചൗധരിയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയത്. താത്കാലിക കുടിലുകൾ നശിപ്പിച്ച സംഘത്തിന്റെ ആക്രമണത്തിൽ ഏതാനും പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കുടിലുകളിൽ കഴിയുന്നവർ ബംഗ്ലാദേശ് പൗരന്മാരല്ലെന്നും പ്രതികൾക്കെതിരേ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുത്തെന്നും ഗാസിയാബാദ് പോലീസ് കമ്മീഷണർ അജയ്കുമാർ മിശ്ര അറിയിച്ചു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പലയിടങ്ങളിലും ശ്രമം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു ഹി ന്ദുരക്ഷാദൾ ആക്രമണം.
കഴിഞ്ഞദിവസം ആയിരത്തോളം വരുന്ന ബംഗ്ലാദേശ് അഭയാർഥികൾ പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ബിഎസ്എഫ് സംഘത്തിന്റെ സമയോചിതനീക്കം മൂലം ശ്രമം പരാജയപ്പെട്ടു. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയംതേടുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് ബിഎസ്എഫ് പറഞ്ഞു.
ആർക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിർത്തി പൂർണമായും അടച്ചിട്ടുണ്ടെന്നും മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.