രാഷ്ട്രീയ തീരുമാനമെടുക്കാൻ കേരള വ്യാപാരികളുടെ നീക്കം
Sunday, August 11, 2024 2:24 AM IST
ന്യൂഡൽഹി: ചെറുകിട കച്ചവടക്കാരെ സഹായിക്കുന്ന, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരുമായി സഹകരിക്കുന്നതിനു രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.
ഭരണത്തിൽ നിർണായക സ്വാധീനമുള്ള ശക്തിയായി വ്യാപാരി, വ്യവസായി സമൂഹം മാറും. കേരളത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യവസായ മന്ത്രിയും അടക്കം അനുകൂല നിലപാട് സ്വീകരിക്കുന്പോഴും തദ്ദേശമന്ത്രി എം.ബി. രാജേഷ് തികച്ചും നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നതെന്ന് വ്യാപാരി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഡൽഹിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിലെ ചെറുകിട കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും മന്ത്രി രാജേഷ് തയാറാകുന്നില്ല. പ്ലാസ്റ്റിക് കൂടുകളുടെ പേരിൽ അടക്കം കച്ചവടക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് മന്ത്രിയുടേത്. ഇതിനെതിരേ വ്യാപാരികൾ പോരാടും.
വയനാട് ദുരന്തത്തിൽ അടക്കം ഇരകൾക്കു സൗജന്യമായി ഭക്ഷണവും വസ്ത്രവും മറ്റും എത്തിച്ചത് കുത്തക ഓണ്ലൈൻ കന്പനികളല്ലെന്നും സംസ്ഥാനത്തെ വ്യാപാരി സമൂഹമാണെന്നും രാജു ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാൽ എംപിയോടൊപ്പം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടു വ്യാപാരി, വ്യവസായികളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തുവെന്ന് രാജു അറിയിച്ചു.
കോർപറേറ്റ് കുത്തകകൾക്ക് നികുതി ഇളവുകൾ വാരിക്കോരി നൽകിയപ്പോഴും രാജ്യത്തെ ചെറുകിട വ്യാപാരികൾക്കു നിരാശ മാത്രമാണ് കേന്ദ്ര ബജറ്റ് സമ്മാനിച്ചത്. നാലു കോടിയോളം വരുന്ന ചെറുകിട വ്യാപാരികളേക്കാൾ പ്രാധാന്യം നാലു കുത്തകകൾക്കാണ് കേന്ദ്രം നൽകുന്നത്.
കോർപറേറ്റ് നികുതി കുറച്ചതും ഏഞ്ചൽ നികുതി നിർത്തലാക്കിയതും ഇ- കൊമേഴ്സുകാരുടെ ടിഡിഎസ് ഏതാണ്ട് ഇല്ലാതാക്കിയതുമെല്ലാം കേന്ദ്രനയത്തിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ തെറ്റായ സമീപനം വ്യാപാരികളും തൊഴിലാളികളും അടക്കമുള്ള 20 കോടി കുടുംബങ്ങളെ വഴിയാധാരമാക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹായിക്കാൻ തയാറായില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങളിലേക്കു നീങ്ങുമെന്നും രാജു അപ്സര പറഞ്ഞു.
എട്ടാം വർഷത്തിലേക്കു കടന്നിട്ടും ചെറുകിട വ്യാപാരികൾ നേരിടുന്ന ജിഎസ്ടി പ്രശ്നങ്ങൾക്കു പരിഹാരമായില്ല. വൻകിടക്കാരുടെ മാത്രം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിർണയിക്കുന്ന സംവിധാനം മാറണം. ജിഎസ്ടി രജിസ്ട്രേഷനുള്ള നിർബന്ധിത വിറ്റുവരവ് പരിധി 40 ലക്ഷത്തിൽനിന്ന് ഒരു കോടി രൂപയായി ഉയർത്തണം.
സമഗ്രമായൊരു ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ച് പഴയ വ്യവഹാരങ്ങൾക്കു തീർപ്പുണ്ടാക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു ആവശ്യപ്പെട്ടു.