രാജ്യസഭാ ചെയർമാനെ മാറ്റാൻ പ്രതിപക്ഷ നീക്കം
Saturday, August 10, 2024 2:13 AM IST
സനു സിറിയക്
ന്യൂഡൽഹി: പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറെ പദവിയിൽനിന്നു നീക്കംചെയ്യുന്നതിന് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം. ഇതിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി.
നിലവിൽ അറുപതോളം എംപിമാർ പ്രമേയത്തിനുള്ള നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാധ്യക്ഷനെ തത്സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രമേയം പാസാക്കാൻ പ്രതിപക്ഷം മുതിരുന്നത്.
ഇന്നലെ രാജ്യസഭയിൽ സമാജ് വാദി പാർട്ടി അംഗം ജയാ ബച്ചനെതിരേ അസ്വീകാര്യമായ രീതിയിൽ സംസാരിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷം ഇത്തരമൊരു നീക്കത്തിലേക്കു കടന്നത്. എന്നാൽ, പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാൽ ഇനി ശൈത്യകാല സമ്മേളനത്തിൽ മാത്രമേ പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുള്ളൂ.
നിലവിൽ പ്രതിപക്ഷത്തിനു ഭൂരിപക്ഷമില്ലാത്തതിനാൽ പ്രമേയം പാസാക്കാൻ സാധിച്ചെന്നു വരില്ല. എങ്കിലും രാജ്യസഭാ ചെയർമാന്റെ ഏകപക്ഷീയമായ നടപടികളെ തുറന്നുകാട്ടാൻ പ്രതിപക്ഷത്തിനു സാധിക്കും.
ചെയർമാനെ നീക്കാനുള്ള വ്യവസ്ഥകൾ ഇങ്ങനെ
☛ ഭരണഘടനാ ലംഘനം.
☛ അധികാര ദുർവിനിയോഗം.
☛ പ്രവർത്തിക്കാനുള്ള കഴിവില്ലായ്മ.
☛ തെറ്റായ പെരുമാറ്റം നടപടിക്രമം.
☛ രാജ്യസഭയിലെ മൊത്തം അംഗങ്ങളുടെ നാലിൽ ഒരു ഭാഗം അംഗങ്ങൾ (നിലവിൽ 50 അംഗങ്ങൾ ) രാജ്യസഭാധ്യക്ഷനെ നീക്കം ചെയ്യുന്ന തിനുള്ള പ്രമേയ നോട്ടീസ് നൽകണം.
☛ അധ്യക്ഷന് പ്രമേയ നോട്ടീസ് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകരിച്ചാൽ അതു ചർച്ചയ്ക്ക് വയ്ക്കും.
☛ പ്രമേയം സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യാം.
☛ പ്രമേയം അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടോടെ പാസാക്കണം.
☛ രാജ്യസഭയിൽ പ്രമേയം പാസായാൽ അന്വേഷണത്തിന് കമ്മിറ്റിയെയോ ജഡ്ജിയെയോ നിയമിക്കാം.
☛ അന്വേഷണറിപ്പോർട്ട് സഭയിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടെടുപ്പ് നടത്തും. ഇവിടെയും രാജ്യസഭാധ്യക്ഷനെ നീക്കം ചെയ്യാൻ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്.
രാജ്യസഭയിൽ ചെയർമാനും ജയാ ബച്ചനും ഏറ്റുമുട്ടി
കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ ബിജെപി എംപി ഘനശ്യാം തിവാരി നടത്തിയ പ്രസ്താവന ചോദ്യം ചെയ്തിടത്തുനിന്നാണു വാക്കേറ്റത്തിന്റെ തുടക്കം.
തിവാരിയുടെ പ്രസ്താവനയെ കോണ്ഗ്രസ് എംപിമാർ ചോദ്യം ചെയ്തപ്പോൾ തിവാരി ഖാർഗയെ പുകഴ്ത്തുകയാണു ചെയ്തതെന്ന് ധൻകർ പറഞ്ഞു. ഇത് കോണ്ഗ്രസ് എംപിമാരെ ചൊടിപ്പിച്ചു. ഇതിൽ വ്യക്തത വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
ധൻകറിന്റെ ശരീരഭാഷയും ശബ്ദവ്യതിയാനവും മോശമാണെന്നും അതു മനസിലാകുന്ന അഭിനേത്രിയാണു താനെന്നും സമാജ്വാദി പാർട്ടി അംഗം ജയാ ബച്ചൻ തുറന്നടിച്ചു. ഇതോടെ വാക്കേറ്റമായി. സെലിബ്രിറ്റിയാണെന്നതിന്റെ പേരിൽ തന്നെ ചോദ്യം ചെയ്യരുതെന്ന് ധൻകറും തിരിച്ചടിച്ചു. സെലിബ്രിറ്റിയാണെങ്കിൽപോലും സഭയിൽ മര്യാദ പാലിക്കണമെന്നും ധൻകർ പ്രതികരിച്ചു.
പ്രതിപക്ഷ എംപിമാരോട് ഏകപക്ഷീയമായ പെരുമാറ്റമാണു ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രതിപക്ഷത്തിനു സംസാരിക്കാൻ സമയം അനുവദിക്കുന്നില്ലെന്നും ആരോപിച്ച് പിന്നീട് പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി. തങ്ങൾ സ്കൂൾ കുട്ടികളല്ലെന്നും അതിനനുസരിച്ചുള്ള പെരുമാറ്റം ചെയറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും രാജ്യസഭയ്ക്കു പുറത്തെത്തിയ ജയാ ബച്ചൻ മാധ്യമങ്ങളോടു പറഞ്ഞു.