ഡൽഹി മദ്യനയ കേസ് സിസോദിയയ്ക്ക് ജാമ്യം
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇഡിയും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിലാണു ജാമ്യം. 17 മാസത്തിനുശേഷമാണ് സിസോദിയ ജയിൽ മോചിതനാകുന്നത്.
വിചാരണ കാലാവധി വൈകിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ ബി.ആർ. ഗവായ് , കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിസോദിയയ്ക്കു ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്നും പാസ്പോർട്ട് പ്രത്യേക കോടതിയിൽ സമർപ്പിക്കണമെന്നും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് 495 സാക്ഷികളും ആയിരക്കണക്കിനു രേഖകളുമുള്ളതിനാൽ സമീപ കാലത്തൊന്നും വിചാരണ പൂർത്തിയാക്കാനുള്ള സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ പരിധിയില്ലാത്ത സമയത്തേക്ക് സിസോദിയയെ കസ്റ്റഡിയിൽ വയ്ക്കുന്നത് ആർട്ടിക്കിൾ 21 പ്രകാരം മൗലിക അവകാശ ലംഘനത്തിനു കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.