ഫാ. ഏബ്രഹാം താഴത്തേടത്തിന്റെ ജാമ്യം: ഹർജി 20ന് പരിഗണിക്കും
Saturday, August 10, 2024 2:13 AM IST
ന്യൂഡൽഹി: മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഫാ. ഏബ്രഹാം താഴത്തേടത്ത് അടക്കമുള്ളവരുടെ ജാമ്യഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഈ മാസം 20 ന് പരിഗണിക്കും.
സ്കൂൾ ഫീസ് വർധിപ്പിച്ചെന്നും പുസ്തകങ്ങൾ അനധികൃതമായി വിറ്റെന്നും ആരോപിച്ചാണ് ഫാ. ഏബ്രഹാമിനെയടക്കം മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസമായി കേസുമായി ബന്ധപ്പെട്ട് 14 പേർ പോലീസ് കസ്റ്റഡിയിലാണ്.
മധ്യപ്രദേശ് പോലീസിന്റെ നടപടി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇവർക്കു ജാമ്യം അനുവദിക്കണമെന്നും ഹർജിക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ആവശ്യപ്പെട്ടു. നേരത്തെ രാജ്യസഭാ എംപി ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ ഫാ. ഏബ്രഹാമിന്റെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.